ന്യൂഡല്‍ഹി: നെഹ്‌റു സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്‍മനിക്കാര്‍ കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ആദ്യ ടീമായി. ഇന്നലെ രാത്രി നടന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേയെ അഞ്ച് ഗോളിന് കീഴടക്കി അമേരിക്കയും അവസാന എട്ടില്‍ സ്ഥാനം നേടി. ടീം വിയ ഹാട്രിക് നേടി.
പ്രാഥമിക റൗണ്ടില്‍ ഇറാനോട് നാല് ഗോളിന് തകര്‍ന്നവരായിരുന്നു ജര്‍മനിക്കാര്‍. കൊച്ചി പോരാട്ടത്തില്‍ ജയം നേടിയാണവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. പക്ഷേ ഇന്നലെ യഥാര്‍ത്ഥ ജര്‍മന്‍ കരുത്തുമായി അവര്‍ കളിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളെ തകര്‍ത്ത കൊളംബിയക്കാര്‍ക്ക് ഒരു വട്ടം പോലും മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് എയില്‍ നിന്നും ഘാനക്കും അമേരിക്കക്കും ഒപ്പം പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയ ലാറ്റിനമേരിക്കന്‍ സംഘത്തിന് മുന്നില്‍ ജര്‍മന്‍ പട നയിച്ചത് അവരുടെ നായകന്‍ ജാന്‍ ഫിയറ്റെ ആര്‍പ്പായിരുന്നു. രണ്ട് വട്ടമാണ് യുവതാരം വല ചലിപ്പിച്ചത്.
അല്‍പ്പം വിവാദ സാഹചര്യത്തിലായിരുന്നു ആദ്യ ഗോള്‍. മല്‍സരത്തിന് ഏഴ് മിനുട്ട് മാത്രം പ്രായമായ സമയം. ജര്‍മന്‍ ആക്രമണത്തില്‍ നിന്നും കൊളംബിയന്‍ ബോക്‌സില്‍ പന്ത്. ഗോള്‍ക്കീപ്പര്‍ കെവിന്‍ മിയര്‍ പന്ത് കൃത്യമായി സ്വന്തം കരങ്ങള്‍ക്കുള്ളിലാക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അവസരം പാര്‍ത്ത ആര്‍പ്പ് പന്ത് റാഞ്ചി ഗോള്‍ വലയത്തിലാക്കി. തിരിച്ചടികള്‍ക്കുളള കൊളംബിയന്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യത്തില്‍ പരാജയപ്പെടുന്നതിനിടെ ജര്‍മനിയും പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി. ജോണ്‍ യെബോവ മൂന്ന് സുവര്‍ണാവസരങ്ങളാണ് പാഴാക്കിയത്. മുപ്പത്തി നാലാം മിനുട്ടില്‍ അദ്ദേഹത്തിന് ലഭിച്ച സുവര്‍ണാവസരത്തിന് ക്രോസ് ബാര്‍ വിലങ്ങായി. പക്ഷേ സഹര്‍വദി സെറ്റിന്‍ പായിച്ച കോര്‍ണറിന് തല വെച്ച് യാന്‍ ബിസെക്ക് ഇടവേളക്ക് മുമ്പ് ടീമിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആര്‍പ്പിന്റെ പാസില്‍ നിന്നും യെബോവ മൂന്നാം ഗോള്‍ നേടിയതോടെ മല്‍സരം ഏകപക്ഷീയമായി. മല്‍സരം 65 മിനുട്ട് പിന്നിട്ടപ്പോള്‍ ആര്‍പ്പിന്റെ രണ്ടാം ഗോളും ജര്‍മനിയുടെ നാലാം ഗോളും മല്‍സരത്തിന്റെ വിധി കുറിച്ചു. ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ പ്രതിയോഗികള്‍ ബ്രസീലോ-ഹോണ്ടുറാസോ ആയിരിക്കും. രാത്രി നടന്ന പോരാട്ടത്തില്‍ പരാഗ്വേയെ അമേരിക്ക ഗോളില്‍ മുക്കി കളഞ്ഞു. ടീം വിയ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്ര്യു കാര്‍ലോണ്‍, സര്‍ജന്‍ഡ് എന്നിവരും ഗോളുകള്‍ നേടി. പരാഗ്വേ പ്രതിരോധം അമ്പേ പാളിയ മല്‍സരത്തില്‍ അമേരിക്കക്ക് പത്ത് ഗോളിനെങ്കിലും ജയിക്കാമായിരുന്നു. അത്രമാത്രം ദുര്‍ബലമായിരുന്നു ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ ഡിഫന്‍സ്. എഴാം മിനുട്ടില്‍ തന്നെ വിയ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിക്ക് മുമ്പ് രണ്ടാം ഗോള്‍. അവസാനത്തിലായിരുന്നു ഹാട്രിക് ഗോള്‍ പിറന്നത്. ജപ്പാന്‍-ഇംഗ്ലണ്ട് വിജയികളെ അമേരിക്ക ക്വാര്‍ട്ടറില്‍ നേരിടും