മത്സ്യ ബന്ധനം ചെയ്ത് ഉപജീവനം നടത്തുന്നവര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കി കടല്‍. വെനസ്വേലയിലെ ഗുആക എന്ന ചെറിയ ഗ്രാമത്തിലാണ് അല്‍ഭുത സംഭവം നടന്നത്. മത്സ്യബന്ധനം നടത്തുകയായിരുന്ന ഗ്രാമത്തിലെ 25 വയസുള്ള യോല്‍മാന്‍ ലാര്‍സ് എന്ന യുവാവിനാണ് ആദ്യ അനുഭവമുണ്ടായത്. കടല്‍ തീരത്തു നിന്ന് യോല്‍മാന് ഒരു സ്വര്‍ണ മെഡല്‍ ലഭിച്ചു. കന്യാമറിയത്തിന്റെ ചിത്രം പതിച്ച സ്വര്‍ണ മെഡലാണ് യുവാവിന് ലഭിച്ചത്.

തുടര്‍ന്ന് യോല്‍മാന്‍ ഇക്കാര്യം തന്റെ ഭാര്യാ പിതാവിനോട് പറഞ്ഞു. വളരെ പെട്ടെന്ന് വാര്‍ത്ത നാടാകെ പരന്നു. ഇതോടെ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ കടല്‍ തീരത്തെത്തി. പലര്‍ക്കും സ്വര്‍ണം ലഭിക്കുകയും ചെയ്തു. 2000ത്തില്‍ അധികം പേരാണ് കടലില്‍ സ്വര്‍ണം തേടിയെത്തിയത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയാണ് പലര്‍ക്കും ലഭിച്ചത്.

സ്വര്‍ണം ലഭിച്ച ഗ്രാമവാസികള്‍ പലരും അവ ഉപയോഗ യോഗ്യമാക്കുകയോ വിറ്റു പണമാക്കുകയോ ചെയ്തു. സ്വര്‍ണം എങ്ങനെ തങ്ങളുടെ കടല്‍ തീരത്ത് എത്തി എന്നോ മറ്റോ ആര്‍ക്കും അറിയില്ല. തങ്ങള്‍ക്ക് ദൈവത്തിന്റെ ഭാഗത്തു നിന്ന് ലഭിച്ച സഹായം എന്ന രീതിയിലാണ് ഗ്രാമവാസികള്‍ ഇതിനെ കണക്കാക്കുന്നത്.