കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള വ്യക്തി. മുമ്പ് കോടിയേരി നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ കോടിയേരി സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു.

ഇത് വിവാദമായപ്പോള്‍ സംഘാടകര്‍ക്ക് പറ്റിയ ചെറിയ പിഴവാണ് എന്നായിരുന്നു സിപിഎം വിശദീകരണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മകന്‍ ബിനീഷ് കോടിയേരിക്കും കാരാട്ട് ഫൈസലുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ബിനീഷ് കോടിയേരിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യുഡിഎഫ് ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് ആരോപിച്ചിരുന്നു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ അടുത്ത ബന്ധുവാണ് കാരാട്ട് ഫൈസല്‍. സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എംഎല്‍എക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.