താൻ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങൾക്കും വാർത്തകൾക്കും മറുപടിയുമായി ഫ്രഞ്ച് സൂപ്പർ താരം ആന്റോയിൻ ഗ്രീസ്മൻ. താൻ പുതിയ ലാവണം തേടുമെന്ന വാർത്തകൾക്കു പിന്നിൽ എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും സ്പാനിഷ് ക്ലബ്ബിൽ തന്നെ തുടരാനാണ് തീരുമാനമെന്നും 120 ദശലക്ഷം യൂറോ എന്ന വൻ തുകയ്ക്ക് കഴിഞ്ഞ വർഷം എത്തിയ ഗ്രീസ്മൻ പറഞ്ഞു.

ബാഴ്‌സലോണയിലെ തന്റെ ആദ്യ സീസണിൽ ഗ്രീസ്മന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനായില്ലെന്നും ലയണൽ മെസ്സിയുടെ ഗുഡ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ താരം ഈ ട്രാൻസ്ഫർ കാലയളവിൽ ക്ലബ്ബ് മാറുമെന്നും മുൻനിര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫ്രഞ്ച് താരം മനസ്സ് തുറന്നത്.

‘എന്റെ ഭാവി ബാഴ്‌സയിലാണോ? അതെ. എന്തുകൊണ്ട് ആളുകൾ എന്റെ പേര് മറ്റ് ക്ലബ്ബുകളുമായി ചേർത്ത് പറയുന്നത് എന്നറിയില്ല. അവരുടെ പ്രവചനം അഥവാ ശരിയായെങ്കിലോ എന്ന ഭാഗ്യപരീക്ഷണമാവാം അത്.’

‘എനിക്കിവിടെ ഒരു കുഴപ്പവുമില്ല. ക്ലബ്ബിനും കോച്ചിനും എന്നെ വിശ്വാസമാണെന്നെനിക്കറിയാം. കഴിഞ്ഞ സീസൺ ദുഷ്‌കരമായിരുന്നു. ഇനി ഞങ്ങൾ പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നത്.’ – അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം പറഞ്ഞു.

അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്‌സയിലേക്ക് കൂടുമാറിയ താരത്തിന് കാറ്റലൻ ക്ലബ്ബുമായി 2023-24 സീസൺ വരെ കരാറുണ്ട്.