ചെന്നൈ: സിനിമ-വിനോദ വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ടാക്‌സ് പകുതിയാക്കി കുറച്ചില്ലെങ്കില്‍ സിനിമാ രംഗം തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്ന് തെന്നിന്ത്യന്‍ മെഗാ സ്റ്റാര്‍ കമല്‍ ഹാസന്‍. അടുത്ത മാസത്തോടെ ജി.എസ്.ടി ചരക്ക് ഗതാഗത ടാക്‌സ് നിലവില്‍ വരാനിരിക്കെയാണ് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍.

സിനിമ വ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നിര്‍ണായക തീരുമാനം പിന്‍വലിക്കാനായില്ലെങ്കില്‍ പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്നും താരം തുറന്നടിച്ചു. 28 ശതമാനം ടാക്‌സ് പകുതിയോളം കുറച്ച് 12-15 ശതമാനമെങ്കിലുമായാലേ പ്രതീക്ഷയുള്ളൂ എന്നും ഈ ആവശ്യം കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ടെന്നും 62കാരനായ താരം പറഞ്ഞു.

പ്രാദേശിക സിനിമകളെ തകര്‍ക്കുന്നതാണ് ടാക്‌സ് നയമെന്ന് പറഞ്ഞ കമല്‍ഹാസന്‍ ഇതെന്താ ഈസ്റ്റ് ഇന്ത്യാ കമ്പനിയോണോ എന്ന് ചോദിച്ചു. 100 ഓളം സിനിമകളില്‍ പ്രധാന റോളില്‍ അഭിനയിച്ച കമല്‍ഹാസന്‍ 40തിലേറെ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.