അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വിജയ് കെല്ലയാണ് പാര്‍ട്ടി വിട്ടത്.

രാഹുല്‍ഗാന്ധി അവഗണിച്ചുവെന്ന് ആരോപിച്ചാണ് വിജയ് കെല്ല പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നത്. സമുദായ നേതാക്കള്‍ക്കള്‍ക്ക് മാത്രമാണ് രാഹുല്‍ഗാന്ധി പ്രാധാന്യം നല്‍കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും കെല്ല പറഞ്ഞു. ഗുജറാത്തിലെ കോണ്‍ഗ്രസ്സ് റിലീഫ് കമ്മിറ്റി ചെയര്‍മാനായ വിജയ് കെല്ല പാര്‍ട്ടി പ്രസിഡന്റ് ഭരത് സിംഗ് സോളങ്കിക്ക് രാജിക്കത്ത് കൈമാറി. രാഹുല്‍ഗാന്ധി പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലുമായും, ജിഗ്നേഷ് മേവ്‌നാനിയുമായും, അല്‍പേഷ് താക്കൂറുമായും നടത്തിയ ചര്‍ച്ചകള്‍ കെല്ലയെ ചൊടിപ്പിക്കുകയായിരുന്നു. സമുദായനേതാക്കള്‍ക്കുമാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഭരത് സിംഗ് സോളങ്കിയല്ല തീരുമാനമെടുക്കുന്നതെന്നും കെല്ല പറഞ്ഞു.

കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസ്സിനൊപ്പമാണ് വിജയ് കെല്ല. നേരത്തെ മണിനഗറില്‍ മത്സരിച്ചുവെങ്കിലും കെല്ല പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ സമുദായ പ്രീണനങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുമെന്ന് കെല്ല പറഞ്ഞു. അതേസമയം, വിജയ് കെല്ല ദിവസങ്ങള്‍ക്കകം ബി.ജെ.പിയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. ഡിസംബര്‍ ഒന്‍പതിനും പതിനാലിനുമാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് ഫലം പുറത്തുവരും. ഹര്‍ദ്ദികും ജിഗ്നേഷ് മേവ്‌നാനിയും അല്‍പേഷ് താക്കൂറുമുള്‍പ്പെടെയുള്ള കൂട്ടുകെട്ടില്‍ ബി.ജെ.പിയെ നേരിടാനാണ് രാഹുലിന്റെ നീക്കം.