അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് ശനിയാഴ്ച നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇതു പ്രകാരം 66.75 ശതമാനമാണ് ഒന്നാംഘട്ടത്തിലെ പോളിങ്. തെരഞ്ഞെടുപ്പ് സമാപിച്ച ഇന്നലെ കമ്മിഷന്‍ പുറത്തുവിട്ട ഏകദേശ കണക്കുകള്‍ പ്രകാരം 68 ശതമാനമായിരുന്നു പോളിങ്. ചില കേന്ദ്രങ്ങളിലെ പോളിങ് ശതമാനം ഒന്നിലധികം തവണ രേഖപ്പെടുത്തിയതാണ് ആദ്യ കണക്കുകളില്‍ നിരക്ക് ഉയരാന്‍ കാരണമെന്നും ഇവ ഒഴിവാക്കിയ ശേഷമാണ് അന്തിമ കണക്കുകള്‍ തയ്യാറാക്കിയതെന്നും കമ്മീഷന്‍ വിശദീകരിച്ചു.

2012നെ അപേക്ഷിച്ച് പോളിങ് ഗണ്യമായി കുറഞ്ഞെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ല്‍ 71.32 ശതമാനമായിരുന്നു പോളിങ്. അതേസമയം ഈ മാസം 14ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ സംസ്ഥാനത്തെ മൊത്തത്തിലുള്ള പോളിങ് ശതമാനവും 2012നെ അപേക്ഷിച്ചുള്ള അന്തരവും വ്യക്തമാകൂ.

സൗരാഷ്ട്, തെക്കന്‍ ഗുജറാത്ത്, കച്ച് മേഖലകളിലെ 19 ജില്ലകളിലായി 89 നിയമസഭാ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 2.12 കോടി വോട്ടര്‍മാരില്‍ 1.41 കോടി പേരാണ് മ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഗോത്ര മേഖലയായ നര്‍മ്മദ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 79.15 ശതമാനം. ദേവഭൂമിയായ സൗരാഷ്ട്രയിലെ ദ്വാരകയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 59.39 ശതമാനം. 12 ജില്ലകളില്‍ 70 ശതമാനത്തില്‍ താഴെ പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഏഴ് ജില്ലകളില്‍ മാത്രമാണ് 70 ശമതാനത്തിന് മുകളിലേക്ക് പോളിങ് എത്തിയത്. ഡിസംബര്‍ 14ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളാണ് വിധിയെഴുതുക. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.