ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എഴുപതിലേറെ പിഞ്ചു കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് ഒഴിഞ്ഞു മാറാനാകില്ലെന്നും സംഭവത്തെക്കുറിച്ച് കള്ളപ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസ്പത്രിക്ക് ധനസഹായം ആവശ്യപ്പെട്ട് നിരവധി തവണ കത്തയച്ചിട്ടും ഫണ്ട് അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കേ നിരവധി തവണ ഈ ആസ്പത്രിക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ അന്ന് അവിടുത്തെ എം.പി എന്ന നിലയില്‍ ഒരിക്കല്‍ പോലും യോഗി ആദിത്യനാഥ് ഈ ആസ്പത്രിക്ക് വേണ്ടി എന്തെങ്കിലും സൗകര്യം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ല. 17 തവണ കേന്ദ്ര സംഘത്തെ യു.പിയിലേക്ക് അയക്കുകയുണ്ടായി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുമാണ് യോഗി ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പ്രശ്‌നമല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ നിഷേധിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. താന്‍ ആരോഗ്യമന്ത്രിയായിരിക്കെ ഗൊരക്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് വേണ്ടി ഒരു സഹായവും ചെയ്തില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കളവും അടിസ്ഥാനരഹിതവുമാണെന്നും ഗുലാം നബി ആസാദ് വിവരിച്ചു.
പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.സി ചാക്കോ, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എം.എല്‍.എമാരായ വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷത വഹിച്ചു.