അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ് . എന്നാൽ കോവിഡിന്റെ ഞെട്ടലിൽ നിന്ന് ലോകം മുക്തരായിട്ടില്ലെന്നും ലോക ജനത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സഹകരണത്തിലൂടെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ദ്വിദിന വിർച്വൽ ഉച്ചകോടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജി 20 രാജ്യങ്ങളുടെ സൽമാൻ രാജാവ്. ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തിൽ ഭീതി വിതച്ച കോവിഡ് സാമൂഹികവും സാമ്പത്തികവുമായ കനത്ത നഷ്ടങ്ങളാണ് വരുത്തിയത് . ആഗോള പ്രതിസന്ധിയെ നേരിടാനും ലോക ജനതക്ക് നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് മോചിതരാക്കാനും നിർണ്ണായക ഇടപെടലുകൾ നടത്താൻ റിയാദ് ഉച്ചകോടിയിലൂടെ ജി 20 കൂട്ടായ്‌മക്ക് സാധിക്കും. കഴിഞ്ഞ 12 വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്.

കോവിഡ് മൂലം അടിയന്തര ഉച്ചകോടി കഴിഞ്ഞ മാർച്ചിൽ ഓൺലൈനിൽ ചേർന്നിരുന്നെങ്കിലും ജി 20 രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ഇത്തവണ റിയാദിൽ നേരിട്ട് ഒത്തുചേരാൻ സാധിക്കുമെന്നായിരുന്നു കരുതിയത്. കോവിഡ് പശ്ചാത്തലത്തിൽ അസാധാരണമായ സാഹചര്യത്തിലായതിനാൽ അതിനു സാധ്യമായില്ലെന്ന് രാജാവ് പറഞ്ഞു. ചരിത്രപരമായ ദൗത്യമാണ് സഊദി നിറവേറ്റുന്നത്. പ്രത്യേക സാഹചര്യത്തിലായാലും ഒരു വർഷത്തിനകം രണ്ട് തവണ ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളാനും സഊദിക്ക് സാധിച്ചു . ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തൽ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക രാജ്യങ്ങളുടെ സംഗമത്തിന്റെ ഭാഗമായി നൂറിലധികം വിർച്വൽ മീറ്റിംഗുകൾ പൂർത്തിയാക്കിയിരുന്നു.

അഭൂതപൂർവമായ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. മഹാമാരിയെ നേരിടാനുള്ള ശ്രമത്തിൽ ആഗോളതലത്തിൽ 21 ബില്യൺ ഡോളറും ആശങ്കയിലായ സംരംഭങ്ങൾക്ക് ആശ്വാസമായി കമ്പനികൾക്കും സംരംഭകർക്കും 11 ട്രില്യൺ ഡോളറും സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക് പ്രത്യേക സഹായങ്ങളും നൽകി. നിലവിലുള്ളതും ഭാവിയിലുമുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്‌ട്ര വ്യാപാരം കൂടുതൽ ഊർജ്ജിതമാക്കണം . ആഗോള സമ്പദ്ഘടനക്ക് ശക്തി പകരുന്ന വിധത്തിൽ വാണിജ്യ ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികളും തുടരണം. അതിനായി സമ്പദ് വ്യവസ്ഥ യും അതിർത്തികളും തുറന്നിടണം.

കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് വികസ്വര രാജ്യങ്ങളെയുൾപ്പടെ കൊണ്ടുവരാനുള്ള ഏകോപനമുണ്ടാകണം. പരിസ്ഥിതിയും ഭൂമിയിലെ ജൈവ ഘടനയെയും സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനങ്ങളെ പിടിച്ചു നിർത്താൻ സുസ്ഥിരമായ ഊർജ സംവിധാനങ്ങൾ രൂപെടുത്തണം. യുവാക്കൾക്കും സ്‌ത്രീകൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അർഹമായ അവസരങ്ങൾ നൽകണം. അതിനായി വിദ്യാഭ്യാസം, പരിശീലനം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ , സംരംഭകർക്കുള്ള സാമ്പത്തിക പിന്തുണ നൽകൽ, ഡിജിറ്റൽ വിഭജനം തുടങ്ങി ശക്തവും സുസ്ഥിരവുമായ സംവിധാനങ്ങൾ ക്രമപ്പെടുത്തണം. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷമുള്ള ജി 20 കൂട്ടായ്മയുടെ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.