മുംബൈ: നടി സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഇന്നലെ വൈകുന്നേരമാണ് നടന്നത്. വിവാഹ ചടങ്ങില്‍ നിന്നുള്ള വധുവിന്റെയും വരന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ ഈ വര്‍ഷം ആദ്യത്തില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുന്നതായും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്റെ മതത്തില്‍ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു’, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ സന പുതിയ തീരുമാനം വിശദീകരിച്ചിരുന്നു.

ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലെല്ലാം സന ഖാന്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് ആറാം സീസണിലെ ശ്രദ്ധേയ താരവുമായിരുന്നു.