മഡ്ഗാവ്: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ഒറ്റ ഗോള്‍ ജയം. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേട്ടം. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കിക്കെടുത്ത ഘാന താരം ക്വസി അപിയ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. ശക്തമായ സ്റ്റാര്‍ട്ടിങ് ഇലവനുമായി ഇറങ്ങിയ മുംബൈ ഭേദപ്പെട്ട കളിയാണ് പുറത്തെടുത്തത്. മുംബൈക്കായി ബര്‍ത്തലോമിയോ ഓഗ്ബച്ചെ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ എന്നീ വമ്പന്മാര്‍ അരങ്ങേറി. ലൂയിസ് മച്ചാഡോ ബെഞ്ചമിന്‍ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയും ഇറങ്ങി.

പന്ത് കൂടുതല്‍ നേരം കാലില്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. പക്ഷേ, അവര്‍ക്ക് അതിന്റെ ആനുകൂല്യം മുതലാക്കാനായില്ല.

അതേസമയം 43ാം മിനിറ്റില്‍ മുംബൈ താരം അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പത്തു പേരുമായാണ് മുംബൈ മത്സരം പൂര്‍ത്തിയാക്കിയത്.