Connect with us

News

ചൈനയിലെ H10N3 വൈറസ് ബാധ: വ്യാപിക്കുമോ? ; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

തുടര്‍ന്ന് മേയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്

Published

on

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. രോഗകാരണമാകാന്‍ സാധ്യത കുറവുള്ളതോ അല്ലെങ്കില്‍ താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്തതോ ആയ H10N3 വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യത കുറവാണെന്നും എന്‍.എച്ച്.സി. അറിയിച്ചു.

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. പോള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്. പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാളികാവ് ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ നഷ്‌ടം

പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്. 

Published

on

കാളികാവ് ചോക്കാട് ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം. വാളക്കുളത്തെ പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്.  നിർമാണം കഴിഞ്ഞ് കയറ്റി അയക്കാൻ തയ്യാറാക്കി വെച്ച ഉപകരണങ്ങളാണ് അഗ്നിക്കിരയായത്. ഒരു കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതാണ് പ്രഥമിക വിലയിരുത്തൽ.

നിലമ്പൂരിൽനിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ ആകെ പടർന്നിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്നതും വേഗത്തിൽ തീപിടിക്കുന്നതുമായ ടിന്നർ, വാർണിഷ് തുടങ്ങിയ രാസ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് തീപടർന്നത്. സ്ഫോടന ശബ്ദം കേട്ടാണ് താമസ സ്ഥലത്തുനിന്നും തൊഴിലാളികളും മാനേജ്മെൻ്റ് പ്രതിനിധികളും ഓടിയെത്തിയത്. ഫർണിച്ചറുകൾക്ക് പുറമെ വില പിടിപ്പുള്ള യന്ത്രങ്ങളും തീ പടർന്ന് നശിച്ച നിലയിലാണ്.

ബുധനാഴ്ചയും ഫർണിച്ചർ ശാലയുടെ സമീപത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഫയർ ഫോഴ്സും ജീവനക്കാരും ചേർന്ന് തീയണച്ചതിനാൽ നഷ്ടം സംഭവിച്ചിരുന്നില്ല. ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിന് ഷോർട് സർക്യൂട്ടിന് സാധ്യതയില്ലെന്നാണ് കമ്പനി ഇലക്ട്രീഷൻ പറയുന്നത്.

നിർമാണ ശാലയിൽ മുന്നൂറിലേറെ അഥിതി തൊഴിലാളികളടക്കം ജോലിചെയ്യുന്നുണ്ട്. കാളികാവ് പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐമാരായ പി. വേലായുധൻ, വി. ശശിധരൻ, എ.എസ്.ഐ. അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.

Continue Reading

india

ഏഴാമത്തെ സമൻസും അവഗണിച്ച് കെജ്‌രിവാൾ; ഇന്നും ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല

വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.

Published

on

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്.

ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു.

ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കേന്ദ്രസർക്കാർ സമ്മർദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Continue Reading

FOREIGN

ഫലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമര്‍പ്പിച്ചത്.

Published

on

ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാരിന്റെ തലവനാണ് ഇഷ്തയ്യ. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമര്‍പ്പിച്ചത്. ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി.

മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ പുതിയ യാഥാര്‍ത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സര്‍ക്കാര്‍-രാഷ്ട്രീയ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകും. അതിന് ഫലസ്തീന്‍ ജനതയുടെ പൊതുസമ്മതം വേണം. ഫലസ്തീന്‍ ഭൂമിക്കുമേലുള്ള അധികാരത്തിലും ഫലസ്തീന്റെ ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാകണമതെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിച്ചാലുടന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹ്മൂദ് അബ്ബാസ് നീക്കംനടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗസ്സയുടെ പുനര്‍നിര്‍മാണമായിരിക്കും പുതിയ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. രാഷ്ട്രീയ നേതാക്കള്‍ക്കു പകരം വിവിധ രംഗങ്ങളില്‍ വിദഗ്ധരായ ഒരു സംഘത്തെ ചേര്‍ത്തായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരണമെന്നാണ് ഈജിപ്ത് മാധ്യമമായ ‘അശ്ശര്‍ഖുല്‍ ഔവ്സഥ്’ റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലസ്തീന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിന് വിവിധ ഫലസ്തീന്‍ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സര്‍ക്കാരിന്റെ രാജിനീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവ് ഉള്‍പ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചര്‍ച്ച നടത്തിയിരുന്നു.

1954ല്‍ ഫലസ്തീനില്‍ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയില്‍ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Continue Reading

Trending