ന്യൂഡല്‍ഹി: ഉദ്വേഗഭരിതമായിരുന്നു ഇന്നലെ സുപ്രീംകോടതിയും പരിസരവും. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ എന്തു വിധിയുണ്ടാകുമെന്ന ആകാംക്ഷ നിറഞ്ഞുനില്‍ക്കവെ, ആര്‍ക്കും പരിക്കില്ലാത്ത വിധം അതിസമര്‍ത്ഥമായാണ് സുപ്രീംകോടതി കേസ് കൈകാര്യം ചെയ്തത്. ഹാദിയയെ പഠിക്കട്ടെ എന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനത്തോട് ഭര്‍ത്താവ് ഷഫിന്‍ ജഹാനും അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയ്ക്കും സന്തോഷം.
‘സാധാരണ പെണ്‍കുട്ടിയുടെ വാദം കേട്ട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. എന്നാല്‍ ഇത് അസാധാരണ കേസാണ്’ എന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ അഭിപ്രായപ്രകടനം മാത്രം മതി കേസ് എന്തു മാത്രം ഉദ്വേഗം നിറച്ചിരുന്നു എന്നറിയാന്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ, വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കേരള ഹൗസില്‍ നിന്ന് ഹാദിയയെയും കുടുംബത്തെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുപോയത്. ഡല്‍ഹി പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് കാറാണ് ഇതിനായി ഉപയോഗിച്ചത്.
കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വാദങ്ങള്‍. ഹിപ്‌നോട്ടിക് കൗണ്‍സിലിങും ന്യൂറോ ലിന്‍ഗ്വിസ്റ്റിക് പ്രോഗ്രാമിങും വഴി കേരളത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനം വഴിയാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ മതംമാറ്റം നടത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ശ്രമം നടത്തുന്നു എന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മൂന്നു മണിക്ക് കോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി.വൈ ചന്ദ്രചൂഢ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബഞ്ചിനു മുമ്പില്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിരാ ജെയ്‌സിങ് എന്നിവരാണ് ഹാജരായത്. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, ഹാദിയയുടെ അച്ഛന് വേണ്ടി അഡ്വ. ശ്യാം ദിവാന്‍, മാധവി ദിവാന്‍ എന്നിവരും. നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന അശോകന്റെ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്. രഹസ്യസ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി ആ ആവശ്യം തുടക്കത്തിലേ തള്ളി. തൊട്ടുപിന്നാലെ, തീരുമാനമെടുക്കും മുമ്പ് തങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിശോധിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. ഈ വേളയില്‍ ഇടപെട്ട കപില്‍ സിബല്‍ എന്‍.ഐ.എയുടേതിനേക്കാള്‍ പ്രധാനമാണ് ഹാദിയയുടെ മൊഴി എന്ന് വാദിച്ചു. ഹാദിയയെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്നറിയാന്‍ അവരുമായി സംസാരിക്കുകയാണ് വേണ്ടതെന്നും സിബല്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും വ്യക്തിപരമായ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ഇതുപോലൊരു കേസ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ പ്രതികരണം. പെണ്‍കുട്ടിയെ കേട്ട് തീരുമാനിക്കുകയാണ് ഇത്തരം കേസുകളിലെ പതിവെന്നും ഇത് അസാധാരണ കേസാണ് എന്നുമായിരുന്നു ഖാന്‍വില്‍ക്കര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഹാദിയയോട് കോടതി വ്യക്തിപരമായ ചോദ്യങ്ങള്‍ചോദിച്ചത്.
ഭാവി സ്വപ്‌നം എന്താണ് എന്നതായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ആദ്യ ചോദ്യം. ‘ എനിക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന്’ ഹാദിയ മറുപടി നല്‍കി. നല്ല പൗരയും നല്ല ഡോക്ടറുമാകണം, വിശ്വാസ പ്രകാരം സത്യസന്ധമായി ജീവിക്കണം, കോളജിലേക്ക് പഠനത്തിന് അയക്കണം, ഭര്‍ത്താവിനെ രക്ഷിതാവാക്കണം എന്നിങ്ങനെയായിരുന്നു ഹാദിയയുടെ ആവശ്യങ്ങള്‍. ഈ ഘട്ടത്തിലാണ് ഹാദിയയ്ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേരള-തമിഴ്‌നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. ഹാദിയയെ പഠിക്കാന്‍ വിടണമെന്ന് ഉത്തരവിട്ട കോടതി ഷെഫിന്‍ ജഹാനുമായുള്ള ഇവരുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിയിലേക്ക് കടക്കാതിരുന്നത് ശ്രദ്ധേയമായി.
അഖിലയില്‍ നിന്ന് ഹാദിയയിലേക്ക്

ന്യൂഡല്‍ഹി: 2016 ജനുവരി മുതല്‍ രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങളും വിവാദങ്ങളും കൂടിക്കുഴഞ്ഞതാണ് ഹാദിയ കേസ്. നാള്‍വഴി;
ച്ച 2016 ജനുവരി 06.
അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അന്ന് അഖില. സഹപാഠികളായിരുന്ന ഫസീന, ജസീന എന്നിവര്‍ക്കൊപ്പമാണ് അഖില താമസിച്ചിരുന്നത്. അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം ഫസീനയുടെയും ജസീനയുടെയും പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ച്ച 2016 ജനുവരി 18
ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരായി. ആരും തടവില്‍ വെച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച് കേസ് തീര്‍പ്പാക്കി. മഞ്ചേരിയിലെ സത്യസരണിയില്‍ മതം പഠിക്കണമെന്ന ഹാദിയയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. 2016 മാര്‍ച്ച് മാസത്തില്‍ സത്യസരണിയില്‍ നിന്ന് അഖില എന്ന ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.
ച്ച 2016 ഓഗസ്റ്റ് 16
ഹൈക്കോടതിയില്‍ അശോകന്‍ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമമുണ്ട് എന്നായിരുന്നു ആരോപണം. കേസില്‍ ആഗസ്റ്റ് 22നും സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയില്‍ ഹാജരായി.
ച്ച ഡിസംബര്‍ 19
കോട്ടക്കലിലെ പുത്തൂര്‍ മഹലില്‍ വെച്ച് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹതിരായി. ഡിസംബര്‍ 21ന് ഷഫിന്‍ ജഹാനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി. വിവാഹം അംഗീകരിക്കാതിരുന്ന കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു. ഹാദിയയെ കാണുന്നതിന് വിലക്കുമേര്‍പ്പെടുത്തി. വിവാഹത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു.
ച്ച 2017 മെയ് 24
ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. അന്നു മുതല്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും വരെ അശോകന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി.
ച്ച 2017 ജൂലൈ 05
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു.
ച്ച 2017 ഓഗസ്റ്റ് 16
ഹാദിയയുടെ മതംമാറ്റം, വിവാഹം എന്നിവ അന്വേഷിക്കാന്‍ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ പിന്നീടു പിന്മാറി.
ച്ച 2017 ഒക്ടോബര്‍ 09- ഹൈക്കോടതിക്ക് വിവാഹം അസാധുവാക്കാനുള്ള അധികാരം ചോദ്യം ചെയ്ത് സുപ്രീംകോടതി. യുവതിക്ക് മാനസിക പ്രശ്‌നങ്ങളില്ലാതെ പിതാവിന്റെ കസ്റ്റഡിയില്‍ വെക്കാനാകില്ലെന്നും കോടതി.
ച്ച 2017 ഒക്ടോബര്‍ 30- ഹാദിയയെ നവംബര്‍ 27ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്.
ച്ച 2017 നവംബര്‍ 27 – ഹാദിയ നേരിട്ട് സുപ്രീംകോടതിയില്‍. ഹാദിയയെ കോടതി പഠിക്കാന്‍ വിട്ടു. അച്ഛന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചു.