ജറൂസലം: ഗസ്സയില്‍ രാത്രി മുഴുവന്‍ നീണ്ട വ്യോമാക്രണങ്ങള്‍ക്കൊടുവില്‍ ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹമാസ് വെടിനിര്‍ത്തല്‍ വിവരം പുറത്തുവിട്ടത്. ഇസ്രാഈല്‍ ഭരണകൂടം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ പാലിക്കുന്നതുവരെ തങ്ങളും അതിന് തയാറാണെന്ന് ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു. അനവധി മധ്യസ്ഥര്‍ ഇടപെട്ട് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ ശേഷമാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു. 2014ല്‍ ഗസ്സയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട ഇസ്രാഈല്‍ ആക്രമണത്തിനുശേഷമുള്ള ആദ്യ വെടനിര്‍ത്തലാണിത്.
ഹമാസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇസ്രാഈല്‍ ഈജിപ്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുശേഷമാണ് വെടിനിര്‍ത്തലുണ്ടായതെന്ന് അല്‍ജസീറയുടെ ബെര്‍ണാഡ് സ്മിത്ത് അറിയിച്ചു. വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഇസ്രാഈല്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്രാഈല്‍ കട്‌സ് ഒഴിഞ്ഞുമാറി. എന്നാല്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ ആക്രമണം തുടര്‍ന്നാലുള്ള അനന്തരഫലം എന്തായിരിക്കുമെന്ന് തനിക്ക് അറിയില്ലെന്നും കട്‌സ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഗസ്സയില്‍നിന്ന് റോക്കറ്റാക്രമണങ്ങളുണ്ടായെന്ന് ആരോപിച്ച് ഇസ്രാഈല്‍ സേന ഗസ്സയിലെ അറുപതോളം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
അക്രമങ്ങള്‍ ആളിക്കത്തിക്കുകയാണ് ഇസ്രാഈലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. മാര്‍ച്ച് മുപ്പതിനുശേഷം നിരായുധരായ ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.