Connect with us

Celebrity

ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാകുന്നത് സന്തോഷം; വിജയത്തിന് കുറുക്കുവഴികളില്ലെന്നും നിഹാരിക എന്‍.എം

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

Published

on

ഷാര്‍ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ നിഹാരിക എന്‍.എം. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
19-ാം വയസില്‍ തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല.
വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.
പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്‍ എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു.
കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ അഛനാണ് കാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.

ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.
കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.

‘ലിറ്റില്‍ ലൈക്, മോര്‍ ഹാര്‍ഡ്‌വര്‍ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്‍കരുത്.
നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍.
പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്‍ഫിഡെന്‍സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി.

വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്‍കി.
വീട്ടിലെ പണികള്‍ക്കും ജോലി സമ്മര്‍ദങ്ങള്‍ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്‍ നിന്ന് പറഞ്ഞതിനോടും; നിഹാരികയെ മാതൃകയാക്കി ഓണ്‍ലൈനില്‍ സജീവമാകുന്നതില്‍ ഉപദേശങ്ങള്‍ തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്‍ വികാരപരമായി പ്രതികരിച്ചു. ജോലികള്‍ തുടരുക. പാഷന്‍ മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്‍ വ്യാപരിക്കഒക എന്നായിരുന്നു പ്രതികരണം. നെറ്റ്ഫ്‌ളിക്‌സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്. അതില്‍ അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

award

ഗസക്ക് ഐക്യദാർഢ്യം; ഓസ്കാർ വേദിയിൽ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ് ഉൾപ്പെടെയുള്ള താരങ്ങൾ

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

Published

on

ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ള താരങ്ങള്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്‌സ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ കുറേ കാലമായി ഓസ്‌കാര്‍ വേദിയില്‍ ഗസ സംഘര്‍ഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ താരങ്ങള്‍ മടിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം. ബാര്‍ബിയിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിര്‍മാതവുമായ ഫിന്നീസും വേദിയില്‍ ബാഡ്ജ് ധരിച്ചിരുന്നു.

മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പുവര്‍ തിങ്സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റില്‍ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാന്‍ വേദിയില്‍ എത്തിയത്. ‘ഈ ബാഡ്ജുകര്‍ ധരിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങള്‍ക്കിടയിലുണ്ടാകും. ഇതിനകം വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ടാകുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല,’ യൂസഫ് ഒരു അഭിമുഖത്തില്‍
പറഞ്ഞു.

റെഡ് കാര്‍പ്പറ്റില്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ താന്‍ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല, വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിര്‍ത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ അവ ദുവെര്‍നെ, നടന്‍ ക്വന്ന ചേസിങ് ഹോഴ്‌സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു. ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്‌നറും സ്വാന്‍ ആര്‍ലോഡും ഫലസ്തീന്‍ പതാകയുടെ ബാഡ്ജായിരുന്നു ധരിച്ചത്.

അതേസമയം ജനുവരിയില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ നടി ജെ. സ്മിത്ത് ക്യാമറോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഞ്ഞ ബാഡ്ജുകള്‍ ധരിച്ചിരുന്നു.

 

 

Continue Reading

Celebrity

‘പൂനം പാണ്ഡേ സെർവിക്കൽ കാൻസറിനെതിരായ കാമ്പയിനിന്‍റെ ബ്രാൻഡ് അംബാസഡറല്ല’; കേന്ദ്ര ആരോഗ്യമന്ത്രാലയം

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്

Published

on

നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്. വിമർശനം കടുത്തതോടെ നടി തന്നെ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചെത്തിയിരുന്നു. താൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്കും അതുകാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നാണ് നടി പറഞ്ഞത്.

പൂനത്തിന്റെ ‘ബോധവത്കരണ’ത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫെബ്രുവരി രണ്ടിനാണു പൂനം മരിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. തൊട്ടടുത്ത ദിവസം തന്നെ താൻ മരിച്ചിട്ടില്ലെന്നും വ്യാജ വാർത്തയ്ക്കു പിന്നിൽ താൻ തന്നെയാണെന്നും കാട്ടി പൂനം ഇന്‍സറ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൂനം പറഞ്ഞു.

 

Continue Reading

Trending