ലഖ്‌നൗ: ഹാത്രസിലെ പെണ്‍കുട്ടിയുടേത് ജാതിക്കൊലയാണ് എന്ന് തെളിയിച്ചുകൊണ്ട് പ്രതികള്‍ക്ക് വേണ്ടി സവര്‍ണ പഞ്ചായത്ത് രംഗത്ത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സവര്‍ണ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ നിരപരാധികളാണെന്നാണ് ഇവര്‍ പറയുന്നത്. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സവര്‍ണ സമാജ് പ്രവര്‍ത്തകര്‍ ഹാത്രസില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തി.

കുറ്റാരോപിതരായവര്‍ നിരപരാധികളാണെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ധര്‍ണക്കെത്തിയവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ഗ്രാമമായ ഭൂല്‍ഗാഡിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ഭഗ്ന ഗ്രാമത്തിലാണ് സവര്‍ണപഞ്ചായത്ത് ചേര്‍ന്നത്.

യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പ്രതികള്‍ നിരപരാധികളാണെന്ന് നിലപാടാണ് സ്വീകരിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സവര്‍ണ പഞ്ചായത്ത് ആരോപിച്ചു. പൊലീസിന്റെത് ശരിയായ അന്വേഷണമാണെന്നും ഇതിനെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തകിടം മറിക്കുന്നതിനാല്‍ സംഭവം സിബിഐക്ക് വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.