ന്യൂഡല്‍ഹി: കുട്ടികളെ പ്രവേശിപ്പിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി ഡല്‍ഹിയിലെ പ്രമുഖ സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്‍വാന്‍ സ്‌കൂളാണ് രണ്ടില്‍ കൂടുതല്‍ മക്കളുള്ള രക്ഷിതാക്കളോട് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ അധ്യാപന ജോലിക്ക് അപേക്ഷിക്കേണ്ടതില്ല എന്നും സ്‌കൂള്‍ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്.
സ്‌കൂളിലെ രജിസ്‌ട്രേഷന്‍ ഫോറത്തിലാണ് മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ടെന്ന വിവരം അന്വേഷിക്കുന്നത്. സല്‍വാന്‍ സ്‌കൂളിന് കീഴിലുള്ള സല്‍വാന്‍ മോണ്ടിസോറി, ജി.ഡി സല്‍വാന്‍ എന്നീ ശാഖകളിലാണ് വിചിത്ര വ്യവസ്ഥകള്‍.
ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ തങ്ങളുടെതായ സംഭാവന നല്‍കാന്‍ ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് സല്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുശീല്‍ കുമാര്‍ പറയുന്നത്.
രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, വയസ്, വാചാപരീക്ഷ, അഭിമുഖം തുടങ്ങിയ നിയമവിധേയമല്ലാത്തതും ഏകപക്ഷീയവുമായ നിബന്ധനകള്‍ കഴിഞ്ഞവര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ നീക്കിയിരുന്നു.
ജനുവരി രണ്ടിനാണ് സ്‌കൂളിലെ നഴ്‌സറി പ്രവേശം ആരംഭിക്കുന്നത്. ഫെബ്രുവരി രണ്ടിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കും.