റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടു. റിയാദ് നഗരത്തിന് കിഴക്കുള്ള വാദി അലി റോഡില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മറിഞ്ഞു.
കനത്ത മഴയ്ക്കു പിന്നാലെ താഴ്‌വരയില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെയാണ് അപകടം. മറിഞ്ഞ ലോറിയില്‍ നിന്ന് ഒട്ടകങ്ങള്‍ താഴ്‌വരയിലേക്ക് വീണു. യാത്രക്കിടെ കയറുകള്‍ ഉപയോഗിച്ച് ഒട്ടകങ്ങളെ ബന്ധിച്ചിരുന്നതിനാല്‍ അപകടത്തിന് ശേഷം അവയ്ക്ക് ചലിക്കാനോ ലോറിയില്‍ നിന്ന് ദൂരെ മാറാനോ സാധിച്ചില്ല.
അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ദമാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മേഖലകളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.