ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ടുചെയ്തവര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ 15 ശതമാനം പോയിന്റുകള്‍ക്ക് മുന്നില്‍. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒഹിയോ, അരിസോണ പോലുള്ള സംസ്ഥാനങ്ങളില്‍ പോലും ഹിലരി ഏറെ മുന്നിലാണെന്ന് റോയിട്ടേഴ്‌സും ഐ.പി.എസ്.ഒ.എസ് സ്‌റ്റേറ്റ്‌സ് ഓഫ് ദ നാഷനും നടത്തിയ സര്‍വേകളില്‍ പറയുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ജോര്‍ജിയ, ടെക്‌സസ് സംസ്ഥാനങ്ങളില്‍പോലും ഹിലരി വിള്ളല്‍വീഴ്ത്തി. 19 ദശലക്ഷം അമേരിക്കക്കാര്‍ ഇതിനകം വോട്ടുചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇവര്‍ മൊത്തം വോട്ടര്‍മാരില്‍ 20 ശതമാനത്തോളം വരും.

സര്‍വേകള്‍ പ്രകാരം ഹിലരിക്ക് 47 ശതമാനവും ട്രംപിന് 40 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. ഇതിലൂടെ ഹിലരിക്ക് 320 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ലഭിക്കും. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതി. ട്രംപിന്റെ ഇലക്ടറല്‍ കോളജ് വോട്ടുകള്‍ 174 മാത്രമാണെന്നും സര്‍വേകളില്‍നിന്ന് വ്യക്തമാകുന്നു. ഏര്‍ളി വോട്ടുകള്‍ തനിക്ക് അനുകൂലമാണെന്ന വാര്‍ത്ത ഹിലരിയുടെ പ്രചാരണത്തിന് ആത്മവിശ്വാസം പകരും.