വാഷിങ്ടണ്‍: വരുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു.

2016ല്‍ ഹിലരി ക്ലിന്റണ്‍ ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹിലരി വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. 2020ല്‍ രണ്ടാം മത്സരത്തിന് ഹിലരി ഇറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്കാണ് ഇതോടെ ഉത്തരമാകുന്നത്. ന്യൂയോര്‍ക്ക് ന്യൂസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഹിലരി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്‍ ശക്തമായി തന്നെ ഉണ്ടാകും. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് താന്‍ മറുപടി നല്‍കിയതായും ഹിലരി വ്യക്തമാക്കി. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിയായിരുന്ന ഹിലരി ക്ലിന്റണ്‍.

ഹിലരി മത്സരിക്കുന്നില്ലെന്നറിയിച്ചതോടെ 2020ല്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായി ബെര്‍നി സാന്റേഴ്‌സ് മത്സരിക്കാനുള്ള സാധ്യതയും ശക്തമായി.

അതേസമയം ഹിലാരിയുടെ പ്രഖ്യാപനത്തിന് പ്രതികരണവുമായി പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. 2020 ല്‍ മത്സരിക്കാനില്ലെന്ന് ഹിലാരി ക്ലിന്റണ്‍ സ്ഥിരീകരിക്കുന്നു. അവള്‍ക്കെതിരെ ഇനി ഞാന്‍ വീണ്ടും ഓടാന്‍ പോകേണ്ടതില്ലെന്നാണോ ഇതിനര്‍ത്ഥം. അവള്‍ വളരെവലിയ നഷ്ടമാവും, ട്രംപ് പരിഹസിച്ചു.

എന്നാല്‍ ട്രംപിന് ചുട്ട മറുപടിയുമായി ഹിലാരിയും രംഗത്തെത്തി. ട്രോള്‍ രൂപേണയായിരുന്നു ഹിലാരിയുടെ മറുപടി. 2019 ലെ വമ്പന്‍ ട്വീറ്റ് എന്നാണ് ട്രംപിനെതിരായ ഹിലാരിയുടെ ഷോക്ക് ട്വീറ്റ് അറിയപ്പെട്ടത്.