india
ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്.
അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്മാരുടെ ജോലിയാണത്.
ഷംസീര്‍ കോളോത്ത്
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്. ചില്ലറക്കാരനല്ല കക്ഷി. മുസ്ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം. ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന് സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്. രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.
യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന് ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന് യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹര്‍ജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.
ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്കാന് സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന് അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന് പരാതിപ്പെട്ടു.
സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ (Queensway) പോലുള്ള നിരത്തുകള്‍ ജന്‍പഥ് (People’s Way) ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്. ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്. ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്മാര് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്മാരുടെ ജോലിയാണത്.
സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്കാന് വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി (ജൃശീെിലൃ െീള ജമേെ) ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്മാതാക്കള് സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന് മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന് പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം. വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന് (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന് വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്കരണത്തിന് (എസ് ഐ ആര്) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന് വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര് വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന് പറഞ്ഞു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

