Health
സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും
ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.
സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.
മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.
ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.
ശ്രദ്ധിക്കേണ്ടവ
എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.
ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും
ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.
ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.
Health
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.
Health
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു
ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.
ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
