Health
വെള്ളം എങ്ങനെ കുടിക്കണം? ഇരുന്ന് കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ
മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്.
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അത് എങ്ങനെ കുടിക്കുന്നു എന്നതും ശരീരാരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ജലനിരപ്പ് കുറയുമ്പോൾ ആന്തരിക പ്രവർത്തനങ്ങൾ താളം തെറ്റുകയും തലച്ചോറിന്റെ പ്രവർത്തനം പോലും ബാധിക്കപ്പെടുകയും ചെയ്യും. ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ നീണ്ടുനിൽക്കുകയാണെങ്കിൽ നിർജ്ജലീകരണം ഗുരുതരമായി മാറി ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക്, അവയവങ്ങളുടെ തകരാർ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമായ അവസ്ഥയാണെന്നും അവർ വ്യക്തമാക്കുന്നു.
ഇരുന്ന് വെള്ളം കുടിക്കുമ്പോൾ
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളം ഇരുന്ന് കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ കുടിക്കുമ്പോൾ പേശികളും നാഡീവ്യൂഹവും ശാന്താവസ്ഥയിലായിരിക്കും. പതുക്കെ കുടിക്കുന്ന വെള്ളം ദഹനവ്യവസ്ഥയിലേക്ക് ക്രമബദ്ധമായി എത്തുകയും ആമാശയത്തിലെ ദഹനരസങ്ങളുമായി നന്നായി കലരുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഇരുന്ന് വെള്ളം കുടിക്കുന്നത് അമിതമായ ഗ്യാസുണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ, വൃക്കകൾക്ക് ദ്രാവകങ്ങൾ കാര്യക്ഷമമായി അരിച്ചെടുക്കാൻ ഇരുന്ന് കുടിക്കുന്നത് സഹായകരമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് വലിയ വേഗത്തിൽ ആമാശയത്തിലേക്ക് പതിക്കാം. ഇത് ആമാശയഭിത്തികൾക്കും അന്നനാളത്തിനും സമ്മർദം സൃഷ്ടിക്കാനിടയാക്കും. വെള്ളം വേഗത്തിൽ ശരീരത്തിലൂടെ കടന്നുപോകുന്നതിനാൽ വൃക്കകൾക്ക് അത് ശരിയായി അരിച്ചെടുക്കാൻ സമയം ലഭിക്കാതെ വരുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യത വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. ആയുർവേദം പ്രകാരം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിച്ച് ഭാവിയിൽ സന്ധിവേദനക്കും വാതത്തിനും കാരണമാകാം.
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒറ്റയടിക്ക് കൂടുതലായി വെള്ളം കുടിക്കുന്നതിനു പകരം ഓരോ സിപ്പായി പതുക്കെ കുടിക്കുകയാണ് ഉചിതം. അതുപോലെ, അതിയായി തണുത്ത വെള്ളം ഒഴിവാക്കണം. മുറിയിലെ താപനിലയിലുള്ള വെള്ളമോ നേരിയ ചൂടുവെള്ളമോ ദഹനത്തിന് കൂടുതൽ അനുയോജ്യമാണ്. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിക്കുമെന്നതിനാൽ, ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
Health
വിട്ടുമാറാത്ത തലവേദന; മരുന്നുകളല്ല, തെറ്റായ ശീലങ്ങളാണ് യഥാര്‍ത്ഥ കാരണം
ശരീരത്തിലെ ജലാംശക്കുറവ് അഥവാ നിര്‍ജലീകരണവും തലവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
വിട്ടുമാറാത്ത തലവേദന ഇന്ന് പ്രായഭേദമന്യേ അനേകം ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. ചെറിയ അസ്വസ്ഥതയായി ആരംഭിക്കുന്ന തലവേദന പലര്‍ക്കും ദിവസേനയുള്ള ജോലികളും സാധാരണ ജീവിതവും പോലും തടസ്സപ്പെടുത്തുന്ന തരത്തില്‍ കടുത്ത വേദനയായി വളരാറുണ്ട്. വര്‍ഷങ്ങളോളം ചികിത്സ തേടുകയും വിവിധ ഡോക്ടര്‍മാരെ കാണുകയും നിരവധി മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്തിട്ടും പൂര്‍ണമായ ആശ്വാസം ലഭിക്കാത്തവരാണ് പലരും. എന്നാല്‍ ന്യുറോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം വ്യക്തമാക്കുന്നത്, തലവേദനയുമായി ചികിത്സ തേടിയെത്തുന്ന പത്തില്‍ ഒമ്പത് പേരുടെയും പ്രശ്നത്തിന് പിന്നില്‍ ഗുരുതരമായ രോഗങ്ങളോ മരുന്നുകളുടെ കുറവോ അല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ അച്ചടക്കക്കുറവും തെറ്റായ ശീലങ്ങളുമാണെന്നതാണ്.
മനുഷ്യശരീരത്തിലെ അവയവങ്ങള്‍ എല്ലാം കൃത്യമായ ജൈവതാളക്രമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. തിരക്കേറിയ ജീവിതശൈലിയിലൂടെയുള്ള ഓട്ടത്തിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ ഉച്ചഭക്ഷണം വൈകിക്കുകയോ ചെയ്യുന്നത് ഇന്ന് പലരുടെയും പതിവാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജം കൃത്യസമയത്ത് ലഭിക്കാതെയായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ അവസ്ഥ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിച്ച് കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ സ്ഥിരമായി വിശപ്പോടെ ഇരിക്കുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന ശീലം മാറ്റാതെ എത്ര മരുന്നുകള്‍ കഴിച്ചാലും തലവേദന പൂര്‍ണമായി മാറില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഹാരത്തെ ഒരു മരുന്നായി കണ്ട് സമയബന്ധിതമായി കഴിക്കുന്ന ശീലം തലവേദന കുറയ്ക്കാന്‍ സഹായകമാണ്. ശരീരത്തിലെ ജലാംശക്കുറവ് അഥവാ നിര്‍ജലീകരണവും തലവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം തലച്ചോറിലെ കോശങ്ങള്‍ ബാധിക്കപ്പെടുകയും ടിഷ്യൂകള്‍ ചുരുങ്ങുകയും ചെയ്യുന്നു. ഇത് വേദനയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം രാത്രി വൈകി ഉറങ്ങുന്നതും മതിയായ വിശ്രമം ലഭിക്കാത്തതും മസ്തിഷ്‌കത്തിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് മികച്ച ചികിത്സ നല്‍കിയാലും ഫലം കാണാന്‍ പ്രയാസമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അമിതമായ മാനസിക സമ്മര്‍ദം, ദീര്‍ഘസമയം കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലം എന്നിവയും തലവേദന വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
വേദന വരുമ്പോള്‍ ഉടന്‍ തന്നെ വേദനസംഹാരികള്‍ ഉപയോഗിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ‘മെഡിക്കേഷന്‍ ഓവര്‍യൂസ് ഹെഡേക്ക’് എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോള്‍ വേദന മാറ്റാന്‍ ഉപയോഗിക്കുന്ന മരുന്ന് തന്നെ പിന്നീട് തലവേദനയ്ക്ക് കാരണമായി മാറും. തലവേദനയുടെ പിന്നിലെ കാരണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം. ചിലര്‍ക്കത് വിശപ്പാകാം, മറ്റുചിലര്‍ക്കത് ഉറക്കക്കുറവോ കടുത്ത വെയിലോ ശക്തമായ ഗന്ധങ്ങളോ ആയിരിക്കാം.
ഈ ‘ട്രിഗറുകള്‍’ സ്വയം തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ദിവസേന കുറഞ്ഞത് 2.5 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുക, രാത്രിയില്‍ എട്ടു മണിക്കൂറെങ്കിലും സമാധാനമായി ഉറങ്ങുക എന്നിവ തലവേദന നിയന്ത്രിക്കാന്‍ നിര്‍ണായകമാണ്. കൂടാതെ, അനാവശ്യ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുകയും യോഗയോ ലളിതമായ വ്യായാമങ്ങളോ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നത് തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഈ ലളിതമായ ജീവിതശൈലി മാറ്റങ്ങള്‍ സ്വീകരിച്ചാല്‍ വിട്ടുമാറാത്ത തലവേദനയില്‍ നിന്ന് ദീര്‍ഘകാല മോചനം നേടാന്‍ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.ആരോഗ്യം മരുന്നുകളില്‍ അല്ല, ശീലങ്ങളിലാണ് എന്ന തിരിച്ചറിവാണ് ആദ്യചുവട്.
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് രോഗികള്‍ മരണമടഞ്ഞ സംഭവം കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വ ലിയ ആശങ്കയുണ്ടാക്കുന്നതാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 25ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേര്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും രോഗികളില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിറയല്‍ ഉണ്ടായി, രക്തം ഛര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത് വൈകിട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണെന്നും ആരോപണമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ഐ.സി.യു ഒഴിവില്ലായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയില്‍ ഹരിപ്പാട് ആശുപത്രിയില്‍ നിന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത് ഐ.സി.യുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കള്‍ പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ വിഷയം അറിയില്ലെ ന്നായിരുന്നു പ്രതികരണമെന്നും കുടുംബം പറയുന്നു. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം. മൈക്കിന് മുന്നില്‍മാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നുമുള്ള രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭിപ്രായം കേരളത്തിലെ ഓരോ പാവപ്പെട്ടവന്റെയും അഭിപ്രായമാണ്.
അണുബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 26 പേര്‍ ഡയാലിസിസിന് വിധേയരായതില്‍ ആറ് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും അതില്‍ രണ്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു എന്നത് ചികിത്സാ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചകളാകുമ്പോഴും, മറുപടിയില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ് ഉയരുന്നത്. അന്താരാഷ്ട്ര നിലവാരമെന്നും ‘നമ്പര്‍ വണ്‍’ എന്നും അവകാശപ്പെടുമ്പോഴും സമീപകാലത്തായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണ്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം മുതല്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെറെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യം വരെ നീളുന്ന വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഐ.സി.യുകളില്‍ പോലും രോഗികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും ഭരണകൂടത്തിന് ചേര്‍ന്നതല്ല.
സംവിധാനങ്ങളുടെ പോരായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം വീഴ്ചകളുടെ പ്രധാന കാരണം. ഹരിപ്പാട് സംഭവത്തില്‍ ഡയാലിസിസ് ഉപകരണങ്ങളുടെയും ജലത്തിന്റെയും ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല. കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ‘ക്വാളിറ്റി ഓഡിറ്റിംഗ്’ സംവിധാനത്തിലെ വീഴ്ച്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അന്വേഷണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളോ കുറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളോ ഉണ്ടാകാത്തതാണ് വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നുപറയുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഗുണകരമല്ല. ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവര്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താന്‍ തയ്യാറാകണം.
ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്‍കാല നേട്ടങ്ങളെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ വീഴ്ചകളെ ന്യായികരിക്കുന്നത് അപകടകരമാണ്. ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പരീക്ഷണങ്ങള്‍ അനുവദിക്കാനാവില്ല. ഹരിപ്പാട് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം, സംസ്ഥാനത്തെ മുഴുവന്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും മറ്റ് തീവ്രപരിചരണ വിഭാഗങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം. വീമ്പു പറച്ചിലുകള്‍ക്കപ്പുറം സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക കടമ.
ന്യൂഡല്‍ഹി: ചുമ നിയന്ത്രണ മരുന്നുകളുടെ വില്‍പനയില്‍ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നിക്കം ചെയ്യും. ഇതിനായി കരട് വി ജ്ഞാപനം ഇറക്കി.
30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന തട്ടിക്കൂട്ട് കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയര്‍ന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കോള്‍ഡ്രിഫ് കഫ്
സിറപ്പ് നിര്‍മ്മാണം നിരോധിച്ചിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും കത്തയച്ചത്. മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം.
ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശം.
-
kerala17 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala18 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala17 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
