മലപ്പുറം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ പതനം പൂര്‍ത്തിയാകുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെല്ലാം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയായിരിക്കും ഇനി ഭരണത്തിലെത്തുകയെന്നും തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷം നേടും രാഹുല്‍ഗാന്ധിയുടെ വിജയം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവ് പോലെ പാണക്കാട്ടെ സി.കെ.എം.എം.എല്‍.പി സ്‌കൂളില്‍ ആദ്യവോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 6.50ന് തന്നെ ബൂത്തിലെത്തിയ ഹൈദരലി തങ്ങള്‍ 7.05 ഓടെ വോട്ട് ചെയ്തു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമൊപ്പമാണ് തങ്ങള്‍ വോട്ടു ചെയ്യാനെത്തിയത്.