മലപ്പുറം: കേരളത്തില്‍ ആഞ്ഞടിക്കുന്നത് യു.ഡി.എഫ് തരംഗമാണെന്നും അതിന് കൂടുതല്‍ കരുത്തുപകരുന്നതാണ് എ. ഐ. സി. സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയിലാകെ പുത്തനുണര്‍വുണ്ടാക്കും. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിക്കും.
അതിനായി മുസ്‌ലിംലീഗും യു.ഡി.എഫും വയനാട്ടിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതാവേശത്തോടെ മുന്നേറും. ഇതൊരു ധീരമായ തീരുമാനമാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കേരളത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെയുമുള്ള പോരാട്ടത്തിന് ജനാധിപത്യ ചേരിയുടെ അമരക്കാരന്‍ തന്നെ നേരിട്ടിറങ്ങുകയെന്നത്. ഇത് ഓരോ കേരളീയനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്. അനിവാര്യമായ സാഹചര്യത്തില്‍ ഏറ്റവും ഉചിതവും ശക്തവുമായ തീരുമാനമെടുത്ത രാഹുല്‍ ഗാന്ധിയെയും അതിന് പ്രയത്‌നിച്ച എ.ഐ.സി.സി നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.