ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ബംഗ്ലാ കടുവകള്‍ ആറു വിക്കറ്റിന് 305 റണ്‍സാണ് അടിച്ചെടുത്തത്. ഓപണര്‍ തമീം ഇഖ്ബാലിന്റെ (128) സെഞ്ച്വറിയും മുന്‍ ക്യാപ്ടന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ (79) അര്‍ധസെഞ്ച്വറിയും ഏഷ്യന്‍ ടീമിന് കരുത്തായത്.

തമീം ഇഖ്ബാലും മുഷ്ഫിഖുര്‍റും തമ്മിലുള്ള മൂന്നാം വിക്കറ്റ് സഖ്യം ചേര്‍ത്ത 166 റണ്‍സ് ബംഗ്ലാ ഇന്നിങ്‌സിന്റെ നട്ടെല്ലായി. 142 പന്ത് നേരിട്ട തമീം പന്ത്രണ്ട് ഫോറും മൂന്ന് സിക്‌സറും നേടി. മുഷ്ഫിഖ് എട്ട് ബൗണ്ടറിയടിച്ചു. അവസാന ഓവറുകളില്‍ സാബിര്‍ റഹ്മാന്‍ (15 പന്തില്‍ 24) നടത്തിയ അതിവേഗ സ്‌കോറിങ് ആണ് സ്‌കോര്‍ 300 കടത്തിയത്.

ലിയാം പ്ലങ്കറ്റ് 59 റണ്‍സിന് നാലു വിക്കറ്റെടുത്തു.