കൊച്ചി: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ എട്ടുമണിയോടെ അണക്കെട്ട് തുറക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുമ്പോള്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇടമലയാറില്‍ ഒരു മണിക്കൂറോളം ഷട്ടര്‍ തുറക്കുമെന്നാണ് സൂചന. 164 ഘന മീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടും. 168.2 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 169 മീറ്ററാണ് ഇടമലയാറിലെ പരമാവധി സംഭരണശേഷി.

അണക്കെട്ട് തുറന്ന് അഞ്ച് മുതല്‍ ആറ് മണിക്കൂറിനകം അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ആലുവയിലെത്തും. 2013ലാണ് നേരത്തെ ഇടമലയാറിന്റെ ഷട്ടര്‍ തുറന്നിട്ടുള്ളത്. അന്ന് 900 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകിയത്.