ന്യൂഡല്‍ഹി: രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടു നിന്നാല്‍ കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയ്ഡുകള്‍ കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പകരം ഇത്തരം ആളുകളില്‍ ടി.ബി പരിശോധന നിര്‍ദേശിക്കണം. ചുമ നീണ്ടു നില്‍ക്കുന്നത് ടി.ബിയുടെ ലക്ഷണമാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

സ്റ്റിറോയ്ഡുകളുടെ ദീര്‍ഘകാല ഉപയോഗം ബ്ലാക് ഫംഗസ് അടക്കം അനുബന്ധ രോഗബാധകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം;കോവിഡ് പരിശോധന വര്‍ധിപ്പിക്കണം

ന്യൂഡല്‍ഹി: രോഗവ്യാപനം തീവ്രമാകുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പ്രതിദിന രോഗബാധാ, കോവിഡ് പരിശോധനാ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിമര്‍ശനം.

പരിശോധനകളുടെ എണ്ണം കൂട്ടി കോവിഡ് ബാധിതരെ മുന്‍കൂട്ടി കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റിയെങ്കില്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയൂവെന്നും പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുതിയ കേസുകള്‍ കുറഞ്ഞത് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമായാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധകളുടെ എണ്ണം കുറച്ചതും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറയാന്‍ ഇടയായിട്ടുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം.

24 മണിക്കൂറിനിടെ 2.82 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.