india

ഛത്തീസ്ഗഡില്‍ ബിജെപി വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍; വിമര്‍ശനം

By webdesk13

March 05, 2025

ഛത്തീസ്ഗഡില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭര്‍ത്താക്കന്മാര്‍. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീര്‍ധാം ജില്ലയിലെ പര്‍ശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്തത്. തുടര്‍ന്ന് പര്‍ശ്വര ജന്‍പദ് പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി കബീര്‍ധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തിങ്കളാഴ്ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പര്‍ശ്വര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വാര്‍ഡ് മെമ്പറുകളില്‍ ആറ് പേര്‍ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ മാലയണിഞ്ഞ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു.