റായ്പുര്‍: കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ പരീക്ഷയില്‍ മനഃപൂര്‍വം തോല്‍പ്പിച്ചുവെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. ഛത്തീസ്ഗഢിലെ അംബേദ്കര്‍ ആശുപത്രി മുന്‍ സൂപ്രണ്ടിനെതിരായാണ് മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്.

ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ പരീക്ഷയില്‍ വിജയിപ്പിക്കാമെന്നു പ്രൊഫസര്‍ ഡോക്ടര്‍ വിവേക് ചൗധരി തന്നോട് പറഞ്ഞതായ പരാതി സംസ്ഥാന വനിതാ കമ്മീഷനിലാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ നടത്തുന്ന റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍- കം പ്രൊഫസറായ ചൗധരി മെഡിക്കല്‍ പരിശോധനയില്‍ ഗ്രേഡുകള്‍ അനുവദിക്കുന്നതില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പരാതി വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥിനി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രണ്ടാം വര്‍ഷ ഫൈനല്‍ പരീക്ഷയില്‍ തന്നെ തോല്‍്പ്പിച്ചുവെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.
ഡോക്ടര്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും വിദ്യാര്‍ത്ഥി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ വാദം കേള്‍ക്കാന്‍ ഡോ. ചൗധരിയെ സെപ്റ്റംബര്‍ 23 ന് വിളിപ്പിച്ചതായി കമ്മീഷന്‍ മേധാവി കിരണ്‍മയി നായക് അറിയിച്ചു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ഡോ. ചൗധരി തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് യോഗ്യതയില്ലായിരുന്നെന്നും അവരെ ഡോക്ടറാക്കാനും അതുവഴി സമൂഹത്തിന് ദോഷം വരുത്താനും തനിക്കാവില്ലെന്നുമാണ് ചൗധരി പ്രതികരിച്ചത്.