ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടുമരണങ്ങളില്‍ ഒന്ന് മാരകമായ വായു മലിനീകരണത്താലെന്ന് റിപ്പോര്‍ട്ട്. പുകവലിയിലൂടെ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് കരാണമാവുന്നത് വായുമലിനീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തും വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍, രോഗം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരോഗ്യ ജേര്‍ണലായ ദി ലാന്‍സെറ്റിലാണ്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം വരുന്ന ഇന്ത്യക്കാര്‍ അന്തരീക്ഷ മലിനീകരണത്തിലൂടെ സംഭവിക്കുന്ന മരണത്തിലും രോഗങ്ങളിലും 26 ശതമാനം വരും.
2017 ല്‍ വായു മലിനീകരണത്താല്‍ മരണപ്പെട്ട 12.4 ലക്ഷം പേരില്‍ പകുതിയിലേറെയും 70 വയസ്സിനു താഴെയുള്ളവര്‍ ആണ്. വായുവിന്റെ മലിനീകരണ നില കുറഞ്ഞാല്‍ ഇന്ത്യയിലെ ശരാശരി ആയുസ്സ് 1.7 വര്‍ഷം കൂടുതലാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലാണ് ഭൗമാന്തരീക്ഷത്തിലെ വായുമലിനീകരണം കൂടുതല്‍. ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മലിനീകരണ തോത് കൂടുതലാണ്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത്. ഡല്‍ഹിയിലെ വായു മലിനീകരണ തോത് കഴിഞ്ഞ മാസങ്ങളേക്കാള്‍ നവംബറില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ഈസ്റ്റ് ആംഗ്‌ളിയ സര്‍വകലാശാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കാര്‍ബണ്‍ പുറംതള്ളുന്നതില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ്. 2018ല്‍ 37.1 ബില്ല്യണ്‍ ടണ്‍സ് കാര്‍ബണ്‍ മോണോക്‌സൈഡ് ആഗോളതലത്തില്‍ പുറംതള്ളിയെന്നാണ് കണക്ക്.
ആഗോള പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ കൊല്ലത്തേക്കാള്‍ 6.3 ശതമാനം ഇന്ത്യയില്‍ കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എണ്ണയുടെയും പാചക വാതകങ്ങളുടെയുമെല്ലാം ഗണ്യമായ ഉപയോഗം വലിയ കാരണങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച പോളണ്ടില്‍ നടന്ന 190ലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത യു.എന്‍ കാലാവസ്ഥാമാറ്റ സമ്മേളനം എങ്ങനെ കാര്‍ബണ്‍ പുറംതള്ളുന്നത് കുറക്കാനാകുമെന്ന് ചര്‍ച്ചചെയ്തിരുന്നു. എറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന പത്ത് രാജ്യങ്ങള്‍ ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാന്‍, ജര്‍മനി, ഇറാന്‍, സഊദി അറേബ്യ, ദക്ഷിണ കൊറിയ, കാനഡ എന്നിവയാണ്. ചൈനയും അമേരിക്കയുമാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറം തള്ളുന്ന രാജ്യങ്ങള്‍.