അഡലെയ്ഡ്: മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അഡലെയ്ഡ് ഓവലില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്.
ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കാന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്. ഈ മത്സരത്തിലും തോറ്റാല്‍ പരമ്പര 2-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കും. അതിനാല്‍ തന്നെ ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നിലുള്ളത് വലിയ അഗ്‌നിപരീക്ഷയാണ്.
വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെ മുന്‍നിര ബാറ്റര്‍മാര്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. പെര്‍ത്തില്‍ മഴയെത്തി മത്സരത്തിന്റെ രസം നശിപ്പിക്കുകയും ഡക്ക് വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. കോഹ്ലി പൂജ്യത്തിനും രോഹിത് എട്ട് റണ്‍സിനും പുറത്തായിരുന്നു.
അഡലെയ്ഡിലെയും കാലാവസ്ഥയില്‍ മഴയുടെ ഭീഷണി തുടരുന്നുണ്ടെങ്കിലും മത്സരം തടസ്സപ്പെടാന്‍ സാധ്യത കുറവാണ്. ഇന്ത്യയ്ക്കു ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നാണ് അഡലെയ്ഡ് ഓവല്‍ കഴിഞ്ഞ 17 വര്‍ഷമായി ഇവിടെ ഇന്ത്യ ഒരു ഏകദിനത്തിലും തോറ്റിട്ടില്ല എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
അതിനാല്‍ തന്നെ, ഇന്ന് ഇന്ത്യ പരമ്പര നിലനിര്‍ത്താനുള്ള നിര്‍ണായക പോരാട്ടത്തിനായി ഇറങ്ങുമ്പോള്‍ ആരാധകരും ആത്മവിശ്വാസത്തിലാണ്.