ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ചെന്നൈക്കാരന്‍ അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടന മികവില്‍ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡായി. ഇന്ത്യയുടെ 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 134 റണ്‍സേ ആദ്യ ഇന്നിങ്‌സില്‍ നേടാനായുള്ളു. ചെന്നൈയില്‍ ഇത് നാലാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്നത്.

43 റണ്‍സ് വിട്ടു കൊടുത്താണ് അശ്വിന്റെ വിക്കറ്റു നേട്ടം. 52 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. 100 കടത്തിയത് 42 റണ്‍സുമായി പുറത്താകാതെ നിന്ന് ബെന്‍ ഫോക്‌സ്.

ഇഷാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. കുല്‍ദീപ് യാദവിന് വിക്കറ്റ് കിട്ടിയില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്‍ പുറത്തായി. നാളെ 25 റണ്‍സുമായി രോഹിത് ശര്‍മയും ഏഴുറണ്‍സുമായി ചേതേശ്വര്‍ പൂജാരയും ബാറ്റിങ് പുനരാരംഭിക്കും.