ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്കിടയിലെ ഇന്റര്‍നെറ്റ് വേഗത്തിന്റെ കണക്കില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍. 129ാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 109ാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്‍ പട്ടികയില്‍ 117ാമതാണ്. ദക്ഷിണ കൊറിയ ഒന്നാം സ്ഥാനത്തും ചൈന രണ്ടാമതുമാണ്.

2020 ആഗസ്റ്റ് അവസാനത്തിലെ കണക്കു പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഡൗണ്‍ലോഡ് 12.10 എംബിപിഎസും അപ്‌ലോഡ് 4.21 എംബിപിഎസുമാണ്. എന്നാല്‍ ലോകശരാശരിയിലുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 34.82 എംബിപിഎസും അപ്‌ലോഡ് 10.99 എംബിപിഎസുമാണ്. ഇതുവച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ കണക്ക് അത്യന്തം താഴെയാണ്.

രാജ്യത്ത് 5ജി നടപ്പാക്കാന്‍ പോവുകയാണെന്ന് നേരത്തെ ടെലികോം കമ്പനികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 3ജി പോലും ലഭ്യമല്ലാത്ത ഇടങ്ങള്‍ രാജ്യത്തുണ്ടെന്നതാണ് യാഥാര്‍ഥ്യം. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എവിടെയും എത്തിയിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യ എന്ന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെന്നല്ലാതെ അതുകൊണ്ട് ഇന്ത്യക്ക് പ്രയോജനം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ഫിക്‌സഡ് ബ്രോഡ്ബാന്റിന്റെ കാര്യത്തില്‍ ഇന്ത്യ 71ാം സ്ഥാനത്താണ്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്.

്.