അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്ത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുവിക്കറ്റ് വീഴ്ത്തി അക്ഷര്‍ ചരിത്രം കുറിച്ചു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി അശ്വിന്‍ മൂന്ന വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ധസെഞ്ച്വറി നേടി. ക്രൗളിയെ കൂടാതെ ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങള്‍ മാത്രണാണ് രണ്ടക്കം കണ്ടത്.

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറ ഇടംപിടിച്ചു. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും തിരിച്ചെത്തി. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

ഇന്ത്യയുടെ മൂന്നാം പിങ്ക് ടെസ്റ്റാണിത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരേ വന്‍ ജയം നേടി. പക്ഷേ, ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരേ അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി നാണംകെട്ട് മത്സരം തോറ്റു.