ഡല്‍ഹി : സംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും നന്മയുടെയും നിറകുടമായി ഇന്ത്യന്‍ സൈന്യം. വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാര്‍ക്കാണ് ഇന്ത്യന്‍ സേന സഹായഹസ്തം നീട്ടിയത്. നോര്‍ത്ത് സിക്കിമിലെ പീഠഭൂമിയ്ക്കു സമീപം 17,500 അടി ഉയരത്തില്‍ വഴിയറിയാതെ നിന്ന ഒരു സ്ത്രീ അടങ്ങിയ മൂന്നംഗ സംഘത്തെ രക്ഷപെടുത്തിയ സേന അവര്‍ക്ക് ഭക്ഷണവും തണുപ്പകറ്റാന്‍ വസ്ത്രങ്ങളും നല്‍കി.

‘വളരെ കുറഞ്ഞ താപനിലയില്‍ ഒരു സ്ത്രീ അടക്കം മൂന്നു ചൈനീസുകാര്‍ അകപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ അപകടം മനസ്സിലാക്കി ഇന്ത്യന്‍ സേന അവിടേക്ക് ഓടിയെത്തി. അവര്‍ക്ക് വേണ്ട ഓക്‌സിജന്‍ അടക്കമുള്ള വൈദ്യസഹായങ്ങളും ഭക്ഷണവും തണുത്തുറഞ്ഞ കാലവസ്ഥയോടു പൊരുതാനുതകുന്ന വസ്ത്രങ്ങളും നല്‍കുകയായിരുന്നു.

മൂന്നു പേരെ സഹായിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറും ഭക്ഷണവുമായി പോകുന്ന സൈനികരുടെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചിരുന്നു. അവരുടെ കാര്‍ ശരിയാക്കാനും സൈനികര്‍ സഹായിച്ചു. കൂടാതെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സൈനികര്‍ ശ്രദ്ധിച്ചു. സൈനികര്‍ക്ക് നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാര്‍ യാത്രയായത്.