മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

നേരത്തെ മയക്കുമരുന്ന് വില്‍പ്പന കേസില്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതുമായ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

റിയയുടെ നിര്‍ദ്ദേശപ്രകാരം സുശാന്തിനായി സാമുവല്‍ വഴി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. ഷൗവിക്കിന്റെ നിര്‍ദേശപ്രകാരം താന്‍ ലഹരി മരുന്ന് സംഘടിപ്പിച്ച് നല്‍കിയതായി സാമുവലും സമ്മതിച്ചു. സെപ്തംബര്‍ 9 വരെ ഇരുവരേയും കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് റിയയ്ക്കും എന്‍സിബി സമന്‍സ് അയിച്ചിട്ടുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സിബിഐയും റിയയെ ചോദ്യം ചെയ്തിരുന്നു. റിയയുടെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് ഷോവിക്കിനെ കസ്റ്റഡിയിലെടുത്തത്.

സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പുതിയ ചുരുളുകള്‍ അഴിയുകയാണ്.