Sports

ഐസിസി പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍

By Akhila

April 06, 2026

ഐപിഎല്‍ നിരാശക്കിടെ സഞ്ജു സാംസണ് സന്തോഷവാര്‍ത്ത. ഐസിസി പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി. ഒപ്പം ബുമ്രയും. ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് ഐസിസിയുടെ മാര്‍ച്ച് മാസത്തെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇരുവരും ഇടം പിടിച്ചത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണര്‍ എസ്റ്റര്‍ഹൂയിസനാണ് പട്ടികയിലെ മൂന്നാമന്‍.

ലോകകപ്പിന്റെ തുടക്കത്തില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പര്‍ 8 ഘട്ടം മുതല്‍ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയശില്‍പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റണ്‍സ് വീതം നേടി ടീമിന്റെ ടോപ് സ്‌കോററായി. മൂന്ന് പ്രധാന മത്സരങ്ങളില്‍ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റണ്‍സാണ് സഞ്ജു നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടിക്കൊടുത്തു.

ബാറ്റിംഗില്‍ സഞ്ജു തിളങ്ങിയപ്പോള്‍ പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. കിരീടപ്പോരില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബുംറ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി 7 വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്.