ചണ്ഡീഗഡ്: ലോകാത്ഭുതങ്ങളിലൊന്നായ പ്രണയ കുടീരം താജ്മഹലിനെതിരായ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. താജിനെതിരെ യു.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച ഹീനതന്ത്രം ഇത്തവണ ഏറ്റെടുത്തത് ഹരിയാന മന്ത്രി അനില്‍ വിജ് ആണ്.

മാര്‍ബിള്‍ അത്ഭുതമായ താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് അനില്‍ വിജ് ട്വീറ്റ് ചെയ്തു. നേരത്തെ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന് സംഗീത് സോം ആരോപിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്ന താജ്മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നാരോപിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വിനയ് കത്യാറും രംഗത്തെത്തിയിരുന്നു. നേരത്തെ യു.പി സര്‍ക്കാറിന്റെ ടൂറിസം മാപ്പില്‍ നിന്നും താജിനെ ഒഴിവാക്കിയതും വിവാദമായിരുന്നു.

യു.പി തദ്ദേശ തെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനാണ് താജ് മഹലിന്റെ പേരില്‍ ബി.ജെ.പി നേതാക്കള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.