ന്യൂഡല്‍ഹി: സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചടക്കും മുമ്പ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തീവ്രഹിന്ദു നിലപാടുകള്‍ക്ക് പേരു കേട്ട കത്യാര്‍.

‘തേജോമഹാല എന്നറിയപ്പെട്ടിരുന്ന ക്ഷേത്രമായിരുന്നു താജ്മഹല്‍. അത് തകര്‍ത്ത് ഷാജഹാന്‍ താജ്മഹല്‍ പണിയും മുമ്പ് ശിവക്ഷേത്രമായിരുന്നു. താജ്മഹല്‍ പൊളിക്കണമെന്നല്ല ഞാന്‍ പറയുന്നത്’ – അദ്ദേഹം പറഞ്ഞു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കളങ്കമാണെന്നും അത് നിര്‍മിച്ചത് ദേശദ്രോഹികളാണെന്നുമുള്ള സംഗീത് സോമിന്റെ പ്രസ്താവനയുണ്ടാക്കിയ പുകിലുകള്‍ കെട്ടടങ്ങും മുമ്പാണ് കത്യാറും വിവാദത്തിന് ചൂടുപകര്‍ന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും അഭിമുഖത്തില്‍ കത്യാര്‍ മനസ്സു തുറന്നു. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സോംനാഥ് ക്ഷേത്രത്തില്‍ ചെയ്ത പോലെ മറ്റു പോംവഴികളും തങ്ങള്‍ക്ക് മുമ്പിലുണ്ട്. രാമക്ഷേത്രത്തിനു വേണ്ട ജോലി ചെയ്യാന്‍ സന്നദ്ധമാണ്. ആദ്യ നിലയ്ക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളും തയാറാണ്- അദ്ദേഹം വ്യക്തമാക്കി.

സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്‍കൂ: ജാവേദ് അക്തര്‍

ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്ത സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്‍കൂവെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍. താജ്മഹല്‍ ഇന്ത്യയുടെ കളങ്കമാണെന്ന സോമിന്റെ പ്രസ്താവനയോടാണ് അക്തറിന്റെ പ്രതികരണം. ജഹാംഗീറിന്റെ കാലത്ത് ശരാശരി ഇന്ത്യയ്ക്കാര്‍ ഇംഗ്ലീഷുകാരേക്കാള്‍ മികച്ച രീതിയില്‍ ജീവിതം നയിച്ചിരുന്നതായി ചരിത്രകാരന്‍ ഡോ. തോമസ് റാവു എഴുതിയ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

കലണ്ടറില്‍ താജ്്മഹല്‍ ഉള്‍പ്പെടുത്തി

ലക്‌നോ: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള കലണ്ടറില്‍ ഇടംപിടിച്ച് ചരിത്ര സ്മാരകമായ താജ്മഹല്‍. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് കലണ്ടര്‍ പുറത്തിറക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്ന് താജ്്മഹലിനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. താജ് മഹലിനെതിരെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും ബി.ജെ.പി എം.പി വിനയ് കത്യാറും നടത്തിയ പരാമര്‍ശങ്ങളില്‍ വിവാദങ്ങള്‍ ചൂടു പിടിപ്പിക്കുന്നതിനിടെയാണ് പുതിയ കലണ്ടര്‍ പുറത്തുവരുന്നത്. ജൂലൈ മാസത്തിനു മുകളിലാണ് താജ്മഹലിന്റെ ചിത്രമുള്ളത്.
ക്ഷേത്രമല്ലെന്ന് കോടതിയില്‍ എ.എസ്.ഐ

താജ്മഹല്‍ ക്ഷേത്രമാണെന്ന വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്. ഐ)യുടെ നിലപാട്. ഓഗസ്റ്റ് ആദ്യവാരത്തിലാണ് താജ്മഹല്‍ ക്ഷേത്രമല്ലെന്നും അതൊരു ശവകുടീരമാണെന്നും എ.എസ്.ഐ ആദ്യമായി കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് 1920 മുതല്‍ താജ്മഹല്‍ സംരക്ഷിച്ചു പോരുന്നതെന്നും എ.എസ്.ഐ ആഗ്ര ജില്ലാ കോടതിയെ അറിയിച്ചിരുന്നു.

താജ്മഹലില്‍ ക്ഷേത്രമുണ്ട് എന്നതിന് തെളിവില്ലെന്ന് 2015 നവംബറില്‍ ലോക്‌സഭയില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് രാജ്യത്തെ പുരാവസ്തു സൂക്ഷിപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എ.എസ്.ഐയും നല്‍കിയിട്ടുള്ളത്.

2015ലാണ് താജ്മഹല്‍ ശിവക്ഷേത്രമാണ് എന്ന് അവകാശപ്പെട്ട് ഏതാനും അഭിഭാഷകര്‍ ആഗ്ര ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. തേജോ മഹാല എന്നാണ് ക്ഷേത്രത്തിന്റെ പേരെന്നും ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജിയില്‍ കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും എ.എസ്.ഐക്കും സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു.

1920 ഡിസംബര്‍ 20നാണ് താജ്മഹല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തില്‍ എ.എസ്.ഐ ചൂണ്ടിക്കാട്ടി. താജ്മഹലുമായി ബന്ധപ്പെട്ട് 1904 മുതലുള്ള ബ്രിട്ടീഷ് രേഖകളും കൈവശമുണ്ടെന്ന് എ.എസ്.ഐ അറിയിച്ചിട്ടുണ്ട്.

12ാം നൂറ്റാണ്ടില്‍ (1212 എ.ഡി) രാജ് പരമാര്‍ദി ദേവാണ് ആഗ്രയില്‍ തേജോ മഹാലയ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് അഭിഭാഷകനായ ഹരിശങ്കര്‍ ജെയ്‌നും സഹപ്രവര്‍ത്തകരും നല്‍കിയ ഹര്‍ജിയില്‍ അവകാശപ്പെടുന്നത്. ഇതാണ് ഇന്ന് താജ്മഹലായി അറിയപ്പെടുന്നത്. ജെയ്പൂര്‍ രാജാവായിരുന്ന രാജാ മാന്‍സിങിനാണ് ഈ ക്ഷേത്രം പരമ്പരാഗത സ്വത്തായി ലഭിച്ചത്. അതിന് ശേഷം രാജാ ജെയ്‌സിങും അതിനു ശേഷം മുഗള്‍ ഭരണകാലത്ത് ഷാജഹാനും ഇത് ഏറ്റെടുക്കുകയായിരുന്നു. ഷാജഹാന്റെ ഭാര്യ മുംതാസിന്റെ മരണ ശേഷം ഇത് അവരുടെ സ്മാരകമാക്കി മാറ്റുകയായിരുന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ ഇസ്‌ലാമിക വാസ്തുശില്‍പ്പ പ്രകാരം പുനര്‍നിര്‍മിച്ചതായും ഹര്‍ജിയില്‍ പറയുന്നു.

ചരിത്രം

ഭാര്യയായ മുംതാസ് ബീഗത്തിന്റെ ഓര്‍മയ്ക്കായി യമുനാ തീരത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണിത സ്മാരകമാണ് താജ്മഹല്‍ എന്നാണ് ചരിത്രം. 1631ല്‍ ആരംഭിച്ച നിര്‍മാണം രണ്ടു പതിറ്റാണ്ട് നീണ്ടു. വര്‍ഷം പ്രതി 80 ലക്ഷത്തോളം പേരാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നത്.

യോഗിയുടെ വിരോധം

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.’ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്ട്ര പ്രതിനിധികള്‍ക്ക് താജ്മഹലിന്റെയോ മിനാരങ്ങളുടെയോ മാതൃകകള്‍ അല്ല പാരിതോഷികമായി നല്‍കേണ്ടത്. അതിന് ഇന്ത്യന്‍ സംസ്‌കാരവവുമായി ബന്ധമൊന്നുമില്ല. മോദി വിദേശത്തു പോകുമ്പോഴും വിദേശ പ്രസിഡണ്ടുമാര്‍ ഇന്ത്യയില്‍ വരുമ്പോഴും അദ്ദേഹം ഭഗവത് ഗീതയോ രാമായണമോ ആണ് സമ്മാനമായി നല്‍കാറുള്ളത്’
യോഗി ആദിത്യനാഥ് 2017 ജൂണ്‍ 16ന് നടത്തിയ പ്രസ്താവന.

രാഷ്ട്രീയം

ബാബറി മസ്ജിനെ പോലെ ആഗ്രയെയും വിവാദത്തില്‍ കുടുക്കുക എന്നതാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യം. വരാനിരിക്കുന്ന യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണവും ബി.ജെ.പി ലക്ഷ്യമിടുന്നു. അടുത്ത മാസമാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍.
ടൂറിസം

2016
പ്രണയകുടീരം
സന്ദര്‍ശിച്ച ഇന്ത്യയ്ക്കാര്‍ –
55.5 ലക്ഷം
വിദേശികള്‍ – 6.9 ലക്ഷം
2015
58.4 ലക്ഷം ഇന്ത്യക്കാര്‍
6.7 ലക്ഷം വിദേശികള്‍
2014
53.8 ലക്ഷം ഇന്ത്യക്കാര്‍
6.9 ലക്ഷം വിദേശികള്‍
2013
50.9 ലക്ഷം ഇന്ത്യക്കാര്‍
7.4 ലക്ഷം വിദേശികള്‍
2015-16ല്‍ പ്രവേശന ടിക്കറ്റില്‍ നിന്നു മാത്രമുള്ള വരുമാനം; 2388.83 കോടി രൂപ
ഇതേ വര്‍ഷം സംരക്ഷണത്തിനായി ചെലവഴിച്ചത് 366.60 കോടി രൂപ.

2017ല്‍ ഒക്ടോബറില്‍ യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന്് താജ്മഹലിനെ നീക്കി.

യു.പി ടൂറിസം മാപ്പില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍
അവലംബം: യു.പി ടൂറിസം

ആദിത്യനാഥ് മുഖ്യപൂജാരിയായ ഗോരഖ്പൂരിലെ ഗോരഖ്പീഠ് പുസ്തകത്തില്‍ ഇടംപിടിക്കുകയും ചെയ്തു.