ലണ്ടന്‍: ഇന്ത്യന്‍ വംശജയായ മുസ്‌ലിം കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അറബ് വംശജനായ യുവാവുമായി അടുപ്പമുണ്ടായിരുന്ന 19കാരിയുടെ മരണം ദുരഭിമാന കൊലപാതകമാണെന്നു സംശയം ഉയര്‍ന്നു. കൊലചെയ്യപ്പെട്ട ഇന്ത്യന്‍ വംശജക്കൊപ്പം മറ്റൊരു യുവതിയെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഇരു സംഭവങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്‌സറ്റണിലാണ് ഇരുസംഭവങ്ങളും അരങ്ങേറിയത്. മുജാഹിദ് അര്‍ഷിദ്, വിന്‍സന്റ് താപ്പു എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ വംശജയായ യുവതിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു. ഇവിടെ വെച്ചാണ് പീഡനത്തിന് ഇരയാക്കിയതും കൊലപ്പെടുത്തിയതും. മൃതദേഹം പിന്നീട് വീടിനു സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. സമാന രീതിയില്‍ മറ്റൊരു യുവതിയെ വീട്ടില്‍ എത്തിച്ചു. ഇവരെ മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്താനായി കഴുത്തറുത്തു. യുവാക്കള്‍ പുറത്തു പോയപ്പോള്‍ ഇവിടെ നിന്നും രക്ഷപെട്ട യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട അറബ് യുവതിയുമായി അടുപ്പമുണ്ടായിരുന്ന മുസ്‌ലിം യുവാവിന്റെ അടുപ്പക്കാരനാണ് മുജാഹിദ് അര്‍ഷിദ്. ഇവര്‍ തമ്മിലുള്ള ബന്ധം അര്‍ഷിദ് എതിര്‍ത്തിരുന്നു. യുവതി ഇന്ത്യന്‍ വംശജയായതിനെ തുടര്‍ന്നാണ് എതിര്‍പ്പ്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.