ദിവ്യാനി ദുവെ

ഏപ്രിലില്‍, ഭക്ഷ്യ-ഊര്‍ജ്ജ ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലെ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകള്‍ കേന്ദ്രം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ, കേന്ദ്ര ധനമന്ത്രാലയം മെയ് 12ന് പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍, ഉയര്‍ന്ന വരുമാനമുള്ളവരേക്കാള്‍ താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളെ യാണ് പണപ്പെരുപ്പം ബാധിക്കുന്നതെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാപരിശോധനയില്‍ ഇത് കാണുന്നില്ല. ‘2022ല്‍ പണപ്പെരുപ്പം ദരിദ്രരേക്കാള്‍ സമ്പന്നരെയാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്’ എന്ന് ധനമന്ത്രാലയം പ്രസ്താവിച്ചതായി അവകാശപ്പെടുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ചിത്രത്തോടുകൂടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റിനെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാപരിശോധന യൂണിറ്റ് മെയ് 15 ന് നിഷേധിക്കുകയാണുണ്ടായത്. മന്ത്രാലയം ‘അത്തരമൊരു പ്രസ്താവന നല്‍കിയിട്ടില്ല’ എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയപ്പോള്‍, മുകളില്‍ ഉദ്ധരിച്ച അവരുടെ ഏപ്രില്‍ അവലോകനത്തിലും മന്ത്രാലയം സമാനമായ നിരീക്ഷണം നടത്തി.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ഡാറ്റയുടെ വിശകലനത്തിലൂടെ സാമ്പത്തികകാര്യ വകുപ്പ് അതിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നു. റിപ്പോര്‍ട്ടിലെ മൂന്ന് ഉപഭോക്തൃ ഗ്രൂപ്പുകള്‍ താഴെ 20 ശതമാനം, മധ്യഭാഗം 60 ശതമാനം, മുകളില്‍ 20 ശതമാനം എന്നിവയാണ്. അവരുടെ ചെലവ് മേഖലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഭക്ഷണവും പാനീയങ്ങളും, ഇന്ധനവും വെളിച്ചവും (ഗതാഗതം ഉള്‍പ്പെടെ), ശുദ്ധീകരിച്ച കോര്‍ (ഭക്ഷണവും ഇന്ധനവും ഒഴികെ). ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള മൊത്തത്തിലുള്ള പണപ്പെരുപ്പം 2020’21ല്‍ 6.2 ശതമാനം ആയിരുന്നത് 2021’22ല്‍ 5.5 ശതമാനം ആയി കുറഞ്ഞു. റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിശകലനം അനുസരിച്ച്, ഫലപ്രദമായ പണപ്പെരുപ്പത്തിലെ ഇടിവ് എല്ലാ ചെലവ് ഗ്രൂപ്പുകളിലും തുല്യമായിരുന്നില്ല, യഥാര്‍ഥത്തില്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള ഗ്രൂപ്പുകളില്‍ ഇത് കൂടുതല്‍ പ്രകടമാണ്. അവലോകനത്തില്‍ ഉന്നയിച്ച മറ്റൊരു അവകാശവാദം, ഭക്ഷ്യവിലപ്പെരുപ്പം ‘താരതമ്യേന താഴ്ന്ന’ ഇടത്തരം വിഭാഗങ്ങളെ കുഷ്യന്‍ ചെയ്തു എന്നതാണ്, കാരണം അവരുടെ ചെലവിന്റെ പ്രധാന പങ്ക് ഭക്ഷണത്തിനാണ്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ ഓരോ അഞ്ച് വര്‍ഷത്തിലും പ്രതിമാസ പ്രതിശീര്‍ഷ ചെലവുകളുടെ ഡാറ്റ പുറത്തുവിടുന്നു. ഓരോ മാസവും അവര്‍ ചെലവഴിക്കുന്ന തുകയെ അടിസ്ഥാനമാക്കി 0 മുതല്‍ 100 ശതമാനം വരെയുള്ള വിവിധ ചെലവ് ഗ്രൂപ്പുകളുടെ ചെലവ് 10 ഡെസിലുകളില്‍ കണക്കാക്കുന്നു. വ്യത്യസ്ത ശതമാനം ഗ്രൂപ്പുകളുടെ ചെലവ് പാറ്റേണുകള്‍ കണ്ടെത്തുന്നതിന് ചെലവുകള്‍ ‘ഭക്ഷണം’, ‘ഭക്ഷണേതര’ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സാമ്പത്തികകാര്യ വകുപ്പും ഉപയോഗിക്കുന്ന പ്രതിമാസ പ്രതിശീര്‍ഷ ചെലവ് ഡാറ്റ 10 വര്‍ഷം മുമ്പുള്ളതാണ് (2011’12). ഓരോ അഞ്ച് വര്‍ഷത്തിലും ഉപഭോക്തൃ സര്‍വേ നടത്തുമ്പോഴും, 2017-18 ലെ ഡാറ്റ പുറത്തുവിട്ടിട്ടില്ല.

2022 ഏപ്രിലില്‍ 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.08 ശതമാനം എത്തിയതിനാല്‍, മൊത്തവില സൂചികയും കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പ്രവണത കണ്ടു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ പണപ്പെരുപ്പത്തിന്റെ വര്‍ധനവിന് കൂടുതല്‍ ഇരയാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദരിദ്രരായ കുടുംബങ്ങള്‍ക്ക് പലപ്പോഴും സാമ്പത്തിക ആസ്തികളിലേക്ക് കടക്കാനാകുന്നില്ല, വിലക്കയറ്റത്തിന്റെ കാലത്ത് അവര്‍ കൂടുതല്‍ പിന്നോട്ട് പോകുന്നു. അടുത്തിടെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെ പണപ്പെരുപ്പം വീണ്ടും തിരികെ കൊണ്ടുപോകുന്നു. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഓരോ രാജ്യത്തെയും 40 ശതമാനം താഴെയുള്ള ജനസംഖ്യ ശരാശരി 60 ശതമാനത്തിനെ അപേക്ഷിച്ച് 3 ശതമാനം ഉയര്‍ന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നു. ആഗോളതലത്തില്‍, വിലക്കയറ്റം മൂലം ദാരിദ്ര്യത്തിന്റെ തോത് കൂടുതല്‍ വഷളാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ലോകത്താകമാനം 7.5 കോടി മുതല്‍ 9.5 കോടി വരെ ആളു കള്‍ ദാരിദ്ര്യത്തിലേക്ക് വീഴുന്നതായി കാണാനാകും.

‘പണപ്പെരുപ്പം ത്വരിതഗതിയില്‍ തുടരുന്നു, ഇത് ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരുടെ വരുമാനം കുറയ്ക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ഓരോ ശതമാനം പോയിന്റ് വര്‍ധനയിലും ഒരു കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുന്നതായി കണക്കുകള്‍ കാണിക്കുന്നതായി’ ഏപ്രിലില്‍ ലോക ബാങ്ക് ഗ്രൂപ്പും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും തമ്മില്‍ നടന്ന സ്പ്രിംഗ് മീറ്റിംഗില്‍ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ഉയര്‍ന്ന വരുമാനമുള്ള ഗ്രൂപ്പുകള്‍ക്ക് വിലകൂടിയ സാധനങ്ങള്‍ പെട്ടെന്ന് വാങ്ങാന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹം പരാമര്‍ശിച്ചു, എന്നാല്‍ ദരിദ്രര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല, തല്‍ഫലമായി, പോഷകാഹാരക്കുറവ് കൂടുതല്‍ പ്രകടമാവുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും, റിപ്പോ നിരക്ക് 40 ബേസ് പോയിന്റുകള്‍ (4 ശതമാനം മുതല്‍ 4.4 ശതമാനം വരെ) വര്‍ധിപ്പിക്കുമ്പോള്‍, ഉയര്‍ന്ന പണപ്പെരുപ്പം ജനങ്ങളുടെ വാങ്ങല്‍ ശേഷി ഇല്ലാതാക്കുന്നതിലൂടെ പാവപ്പെട്ട ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ സമ്പാദ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.