ഇസ്‌ലാമാബാദ്: 2016ല്‍ പാക്കിസ്താനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശം തള്ളിക്കളഞ്ഞ് പാക്കിസ്താന്‍. കള്ളം വീണ്ടും വീണ്ടും പറഞ്ഞാല്‍ അത് സത്യമാവില്ലെന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പാകിസ്താന്റെ പ്രതികരണം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് കെട്ടിച്ചമച്ചതും വസ്തുതയില്ലാത്തതുമായ ഒന്നാണ്. ഒരു നുണ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവില്ല, പാക്കിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ലണ്ടനില്‍ ബുധനാഴ്ച്ച ഒരു പൊതുപരിപാടിയില്‍ ശ്രോതാക്കളുമായി സംവദിക്കവെയാണ് മോദി സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച് വീണ്ടും ‘വെളിപ്പെടുത്തല്‍’ നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാകിസ്താന്‍ രംഗത്തെത്തിയത്.

ഇന്ത്യന്‍ സൈന്യം നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നതിനിടെയാണ് ലണ്ടനില്‍ വെച്ച് മോദി ‘ഭാരത് കി ബാത്ത്, സബ് കെ സാഥ്’ എന്ന പരിപാടിയില്‍ ഇതേപ്പറ്റി വീണ്ടും സംസാരിച്ചത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് മുമ്പ് പാകിസ്താനെ വിവരം അറിയിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പാക്കിസ്താന്‍ ഭയത്തിലായിരുന്നുവെന്നുമാണ് മോദി പറഞ്ഞത്.

‘പാകിസ്താനെ വിളിച്ച് നമ്മള്‍ ചെയ്ത കാര്യം (സര്‍ജിക്കല്‍ സ്ട്രൈക്ക്) അറിയിക്കണമെന്നും അവര്‍ക്ക് സമയമുണ്ടെങ്കില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവണമെന്നും പറയണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. രാവിലെ 11 മണി മുതല്‍ നമ്മള്‍ അവരെ വിളിച്ചെങ്കിലും ഫോണിന് മറുപടി നല്‍കാന്‍ അവര്‍ക്ക് ഭയമായിരുന്നു. 12 മണിക്ക് അവരുമായി സംസാരിച്ചതിനു ശേഷമാണ് മാധ്യമങ്ങളെ അറിയിച്ചത്.’ മോദി വ്യക്തമാക്കി.

2016 സെപ്തംബര്‍ 28-ന് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ മണ്ണിലുള്ള ഏഴ് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. സൈന്യം ഇത്തരമൊരു ആക്രമണം നടത്തിയെന്നും നിരവധി ഭീകരരെ വധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, അതിര്‍ത്തിയില്‍ നിന്നു നടത്തിയ വെടിവെപ്പിനെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു വിളിച്ച് മാധ്യമ ശ്രദ്ധ നേടാനാണ് ഇന്ത്യാ സര്‍ക്കാര്‍ ശ്രമിക്ുകന്നത് എന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.