ദുബൈ: ഇപ്പോള്‍ അറബ് വാക്കുകള്‍ കടമെടുത്ത് വേദിയിയില്‍ സംസാരിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ചടങ്ങില്‍ മികച്ച മിഡില്‍ ഈസ്റ്റ് താരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ സംസാരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എല്ലാവരെയും ഞെട്ടിച്ചു. കരിയറിലെ തന്റെ സ്വപ്നങ്ങളും ലക്ഷ്യവും പങ്കുവെച്ചുകൊണ്ട് അറബികളും മുസ്‌ലികളും പൊതുവെ ഉപയോഗിക്കുന്ന വാക്കായ ‘ഇന്‍ഷാ അല്ലാഹ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം പ്രസംഗം അവസനിപ്പിച്ചത്.
‘കൂടുതല്‍? ട്രോഫികള്‍ നേടണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ആ നമ്പറും എത്തിപ്പിടിക്കണം. പരിക്കുകളിലെങ്കില്‍, തീര്‍ച്ചയായും ആ നമ്പറില്‍ ഞാന്‍ എത്തും, ഇന്‍ഷാ അല്ലാഹ്’- നിറഞ്ഞ കൈയടികള്‍ക്കിടയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
നിലവില്‍ കരിയര്‍ ഗോള്‍ എണ്ണം 956ല്‍ എത്തിയ ക്രിസ്റ്റ്യാനോ 1000 ഗോള്‍ എന്ന വലിയ നേട്ടത്തില്‍ നിന്നും 44 ഗോളുകള്‍ മാത്രം അകലെയാണിപ്പോള്‍. ഫുട്ബാള്‍ ചരിത്രത്തില്‍ ആരും എത്തിപ്പിടിക്കാത്ത ആയിരം ഗോള്‍ എന്ന നേട്ടം അധികം വൈകാതെ സ്വന്തമാക്കുമെന്നാണ് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിലൂടെ ക്രിസ്റ്റ്യോനോ പങ്കുവെക്കുന്നത്.
സൗദി അറേബ്യന്‍ മണ്ണിലെത്തിയ പോര്‍ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാള്‍ഡോക്ക് അതൊരു പുതിയൊരു ലോകമായിരുന്നു. ഭാഷ മുതല്‍ മണ്ണും സംസ്‌കാരവും വരെ പുതുമയുള്ളത്. പുതിയ മണ്ണില്‍ കളിച്ച് നേട്ടങ്ങളുടെ കൊടുമുടിയേറുമ്പോള്‍ ആ നാടിനെയും സംസ്‌കാരത്തെയും ഹൃദയത്തിലേറ്റുന്നതാണ് ക്രിസ്റ്റ്യാനോയുടെ ശൈലി. സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്‌റിനായി കളിക്കളത്തിലിറങ്ങുമ്പോള്‍ സഹതാരങ്ങള്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥികുന്നു മാതൃക പിന്തുടര്‍ന്നും, അറബ് വേഷമണിഞ്ഞും ക്രിസ്റ്റ്യാനോ അതിശയിപ്പിച്ചു.
ഗോള്‍ എണ്ണത്തിനും കിരീട നേട്ടത്തിനും അപ്പുറം മധ്യപൂര്‍വേഷ്യന്‍ ഫുട്ബാളിന് ഉയിര്‍ത്തെഴുന്നേല്‍പ് നല്‍കിയതിനുള്ള അംഗീകാരമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഗ്ലോബ് സോക്കര്‍ പുരസ്‌കരം തുടര്‍ച്ചയായി മൂന്നാം തവണയും സമ്മാനിച്ചത്.