ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റി രേഖകള്‍ പരിശോധിക്കാന്‍ പരാതിക്കാരന് അനുമതി നല്‍കിയ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് സഞ്ജീവ് സച്‌ദേവയാണ് നടപടി സ്റ്റേ ചെയ്തത്. മൂന്നാം കക്ഷിക്ക് വിവരങ്ങള്‍ കൈമാറാന്‍ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കോടതിയെ സമീപിച്ചത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്ന് കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമ്പാദിക്കുന്ന ബിരുദങ്ങളുടേയെല്ലാം വിവരങ്ങള്‍ പുറത്തുവിടേണ്ടി വരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ അരുണ്‍ ഭരദ്വാജ് എന്നിവര്‍ വാദിച്ചു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 27ലേക്ക് മാറ്റിയ കോടതി, രേഖകള്‍ പരിശോധിക്കാന്‍ പരാതിക്കാരനെ അനുവദിച്ച വിവരാവകാശ കമ്മീഷന്‍ ഉത്തരവിന് അതുവരെ സ്റ്റേ അനുവദിക്കുകയായിരുന്നു.