ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്-എസ്.പി സഖ്യം യാഥാര്‍ഥ്യമായതോടെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. തിരശീലക്കു പിന്നില്‍ നിന്ന് നാളുകള്‍ക്കൊടുവില്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയുടെ രാഷ്ട്രീയപ്രവേശം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയില്‍ പ്രിയങ്ക സ്ഥിര സാന്നിധ്യമാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെ നാളത്തെ മുറവിളിക്കാണ് ഇവരുടെ വരവോടെ പരിഹാരമാകുന്നത്.

യു.പിയില്‍ രാജകീയമായാണ് പ്രിയങ്കയുടെ വരവ്. സമാജ്‌വാദി പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യത്തിലുണ്ടായ ആദ്യത്തെ ഉലച്ചിലുകള്‍ക്ക്് പരിഹാരം കണ്ടെത്തിയാണ് അവര്‍ സാന്നിധ്യമറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ട്വിറ്ററിലൂടെയാണ് ഇവരുടെ പങ്ക് പുറത്തുവിട്ടത്. ‘ കോണ്‍ഗ്രസിന് വേണ്ടി അപ്രധാനികള്‍ (ചര്‍ച്ച) കൈകാര്യം ചെയ്യുന്നു എന്നത് തെറ്റാണ്. യു.പി മുഖ്യമന്ത്രി, യു.പിക്കു വേണ്ടിയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഉന്നതതല ചര്‍ച്ചയാണ് നടക്കുന്നത്’ – എന്നായിരുന്നു പട്ടേലിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത അനുയായിയായ പട്ടേലിന്റെ ട്വീറ്റ് സോണിയയുടെ സമ്മതത്തോടു കൂടിയുള്ളതാകാനാണ് സാധ്യത. സഖ്യത്തിന്റെ അണിയറയില്‍ ഉണ്ടായിരുന്നിട്ടു പോലും ട്വീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ പേരില്ലാത്തതും ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ രാഹുല്‍ഗാന്ധിയുടെയും സോണിയയുടെയും ലോക്‌സഭാ മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. രാഹുലിന്റെ ഓഫീസുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രിയങ്കയ്ക്ക് നന്ദി പറയുകയും ചെയ്തു. മുലായം-അഖിലേഷ് നാടകത്തിന് തിരശീല വീഴുമ്പോള്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യം മുതല്‍ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവരാണ് സജീവമായി പ്രവര്‍ത്തിച്ചത്. എന്നാല്‍ അന്തിമമായി ഇതിന്റെ ക്രഡിറ്റ് പ്രിയങ്കാ ഗാന്ധിക്ക് മാത്രമായി നല്‍കാനാണ് നേതാക്കള്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്കയ്ക്ക് പ്രത്യേകം നന്ദിപറയാനും നേതാക്കള്‍ മറന്നില്ല. ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനത്തിന് പ്രിയങ്കയ്ക്ക് ക്രഡിറ്റ് നല്‍കുന്നത്.

എസ്.പിയുമായുള്ള ചര്‍ച്ചകള്‍ക്ക് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിശോര്‍, മുന്‍ ബ്യൂറോക്രാറ്റ് ധീരജ് ശ്രീവാസ്തവ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നത്. ഇതില്‍ അസംതൃപ്തരായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഒമ്പത് മണ്ഡലങ്ങളില്‍ അടക്കം 99 സീറ്റിലേക്ക് എസ്.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിലായിരുന്നു സോണിയയുടെയും പിന്നീട് പ്രിയങ്കയുടെയും ഇടപെടല്‍. ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാതിരുന്ന പ്രിയങ്ക ഗാന്ധിയാണ് എസ്.പി നേതാക്കളുമായി മധ്യസ്ഥ ചര്‍ച്ചക്ക് ഒരുങ്ങിയത്. അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും തമ്മിലുള്ള അടുപ്പവും സഖ്യരൂപവത്കരണത്തില്‍ നിര്‍ണായകമായി.

ഉത്തര്‍പ്രദേശ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പാര്‍ട്ടി യോഗങ്ങളില്‍ പ്രിയങ്ക ഈയിടെ സ്ഥിരം സാന്നിധ്യമാണ്. അവരുടെ വസതി അടുത്തിടെ ചില രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കും വേദിയായിരുന്നു.
യു.പിയില്‍ തെരഞ്ഞെടുപ്പിന് തന്ത്രമൊരുക്കുന്ന പ്രശാന്ത് കിഷോര്‍ പ്രിയങ്കയുടെയോ രാഹുല്‍ഗാന്ധിയുടെയോ സജീവ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരച്ചടി നല്‍കിക്കൊണ്ട് നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്നത് പാര്‍ട്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന ആവശ്യമാണ്. എന്നാല്‍ ഇതുവരെ തങ്ങളുടെ കുടുംബ മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും ഒതുങ്ങി നിന്നുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രവര്‍ത്തനം.
അതേസമയം പ്രിയങ്കയുടെ ദൗത്യം ചര്‍ച്ചയോടെ അവസാനിക്കില്ലെന്നും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത് തുടരുമെന്നും നേതാക്കള്‍ സൂചന നല്‍കി. എസ്.പിയുമാണ്ടാക്കിയ ധാരണ പ്രകാരം യു.പിയില്‍ 105 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.