അഹമ്മദാബാദ്: പാക്കിസ്താനില്‍ നിന്നുള്ള ഭീകരര്‍ കടല്‍വഴി ഗുജറാത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ കര്‍ശനമാക്കി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍, തുറമുഖം, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഗുജറാത്ത് തീരത്തുള്ള ദ്വാരക, സോമനാഥ് ക്ഷേത്രങ്ങളും തുറമുഖം, എണ്ണശുദ്ധീകരണശാല തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കടല്‍വഴി പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ ഇതിനകം വന്നിട്ടുണ്ട്. അല്ലെങ്കില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട് എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കൂടാതെ കച്ച് മേഖലയില്‍ നിന്നുള്ള മുപ്പതോളം മീന്‍പിടിത്തക്കാരെ പാക്കിസ്താന്‍ പിടികൂടിയെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് നുഴഞ്ഞുകയറ്റക്കാര്‍ ഒളിച്ചിരിക്കാനിടയുള്ള സ്ഥലങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.