kerala

നിലപാട് മാറ്റം രാഷ്ട്രീയ അവസരവാദമോ? റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം

By webdesk18

January 08, 2026

ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സിപിഎമ്മിനെ പ്രതിരോധിക്കുന്ന ഇടത് ശബ്ദമെന്ന നിലയില്‍ ശ്രദ്ധേയനായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന അവകാശവാദത്തോടെയാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ അദ്ദേഹം സിപിഎമ്മിന്റെ യാതൊരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഷാളണിയിച്ച് അംഗത്വം സ്വീകരിച്ച ശേഷം, ദ്രവിച്ച ആശയങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ലെന്നും സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം സിപിഎമ്മിന്റെ വക്താവെന്ന നിലയില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാള്‍, ‘ഇന്നുമുതല്‍ എന്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയാണ്’ എന്ന പ്രഖ്യാപനത്തിലേക്ക് എത്തിയത്.

മുന്‍കാലങ്ങളില്‍ ബിജെപിയെ വര്‍ഗീയവാദികളെന്ന് വിമര്‍ശിച്ചിരുന്ന റെജി ലൂക്കോസ്, ഇപ്പോള്‍ സിപിഎമ്മിനെതിരെ അതേ ആരോപണം ഉന്നയിക്കുന്നത് നിലപാട് വൈരുധ്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇല്ലെന്ന അവകാശവാദവും, ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിലെ വികസനം തന്നെ ‘ഞെട്ടിച്ചുവെന്ന’ പരാമര്‍ശവും, ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ യുക്തിയായി മാറ്റിയെടുക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.

അതേസമയം, റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ലായിരുന്നുവെന്നും, ഇടത് സഹയാത്രികനെന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയതാണെന്നും പറഞ്ഞാണ് സിപിഎം ഇപ്പോള്‍ തടിയൂരാന്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഈ നിലപാടില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വിശദീകരണവും സിപിഎം മുന്നോട്ടുവച്ചു.