ലണ്ടന്‍: ബംഗ്ലാദേശ് സൂപ്പര്‍ താരം തമീം ഇഖ്ബാലിനും ഭാര്യയ്ക്കും നേരെ ഇംഗ്ലണ്ടില്‍ വെച്ച് വംശീയാധിക്രമം. ലണ്ടനിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതിനിടെയാണ് തമിം ഇഖ്ബാലിന്റെ ഭാര്യക്കു നേരെ വംശീയാധിക്ഷേപമുണ്ടായത്.

അതേ സമയം ഹിജാബ് ധരിച്ച തമീമിന്റെ ഭാര്യക്കു നേരെ ആസിഡ് ആക്രമണമുണ്ടായതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ വര്‍ധിച്ചുവരുന്ന ഇസ്്‌ലാമോഫോബിയയുടെ ഭാഗമായാണ് പ്രശസ്ത ക്രിക്കറ്റര്‍ക്കും ഭാര്യയ്ക്കും നേരെയുണ്ടായ ആക്രമണം. ആക്രമണത്തിനു പിന്നാലെ കൗണ്ടി ക്രിക്കറ്റില്‍ തന്റെ ടീമായ എസക്‌സില്‍ നിന്നും പിന്‍വാങ്ങുന്നതായി തമീം വ്യക്തമാക്കി. ഒരു മത്സരം മാത്രം കളിച്ച തമീമിനെ കരാര്‍ റദ്ദാക്കാന്‍ അനുവദിച്ചതായി എസക്‌സ് സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ നടന്ന വിവിധ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിംകള്‍ക്കും പള്ളികള്‍ക്കുമെതിരെ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്.ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം.

ശനിയാഴ്ച്ചയാണ് തമീം കൗണ്ടിയില്‍ അരങ്ങേറിയത്. നാറ്റ്‌വെസ്റ്റ് ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ കെന്റിനെതിരെ എസക്‌സിനായാണ് തമീം കളിച്ചത്. ബെക്കന്‍ഹാമില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സാണ് തമീം നേടിയത്.
എന്നാല്‍ ഒരു മത്സരം മാത്രം കളിച്ച് കൗണ്ടി ക്രിക്കറ്റ് അവസാനിപ്പിക്കാനാണ് തമീമിന്റെ വിധി. ബംഗ്ലാദേശിനായി വിവിധ ഫോര്‍മാറ്റിലായി പതിനായിരം റണ്‍സ് നേടിയിട്ടുളള താരമാണ് തമീം.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു. ഓഗസ്റ്റ് 27ന് തുടങ്ങുന്ന ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനമാണ് തമീമിന് അടുത്തതായി കളിക്കാനുളളത്.