Connect with us

Culture

വിചാരണ തടവുകാരില്‍ കൂടുതലും മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍

Published

on

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യഥാസമയം ഇവരുടെ കേസുകള്‍ നീതിയുക്തമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് അണ്ടര്‍ ട്രയല്‍ എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് വിചാരണ തടവുകാരുടെ എണ്ണത്തില്‍ ഇന്ത്യ 18-ാം സ്ഥാനത്താണ്. ഏഷ്യയില്‍ മൂന്നാമതും. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 67 ശതമാനം പേരും വിചാരണ തടവുകാരാണ്. കുറ്റക്കാരാണെന്ന് കണ്ടെത്താതെ വിചാരണ പൂര്‍ത്തീകരിക്കാത്തതോ, വിചാരണ നടക്കാത്തവരോ ആണിവരില്‍ ഏറിയ പങ്കും. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരേക്കാളും രണ്ടു മടങ്ങ് വിചാരണ തടവുകാരാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജയില്‍ തടവുകാരുള്ള അമേരിക്കയില്‍ പോലും 20 ശതമാനം മാത്രമാണ് വിചാരണ തടവുകാരായുള്ളത്. സെക്ഷന്‍ 436 എ അനുസരിച്ച് ഏതു തരം വിചാരണ തടവുകാര്‍ക്കാണ് മോചനം ലഭിക്കുകയെന്നത് മിക്ക തടവുകാര്‍ക്കും അറിയില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. എസ്‌കോര്‍ട്ട് പോകാന്‍ പൊലീസുകാരില്ലാത്തത് കാരണം ആയിരക്കണക്കിന് വിചാരണ തടവുകാരെ യഥാസമയം കോടതികളില്‍ വിചാരണക്കായി ഹാജരാക്കുന്നില്ലെന്നും ഇത് ഇവരുടെ തടവ് നീണ്ടു പോകാന്‍ കാരണമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍ വിചാരണ തടവുകാരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാരാണെന്നതാണ്.

53 ശതമാനം പേരും മുസ്്ലിം, ദലിത്, ആദിവാസി വിഭാഗക്കാരാണ്. 29 ശതമാനം പേരും നിരക്ഷരരും 42 ശതമാനം പേര്‍ക്കും പത്താം തരം യോഗ്യത പോലുമില്ല. വിചാരണ തടവുകാരുടെ എണ്ണത്തിലെ വര്‍ധനവു കാരണം മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണെന്നും ദീര്‍ഘകാലത്തെ ജയില്‍വാസം പീഡനങ്ങള്‍ക്കു കാരണമാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

Film

‘അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് ‘; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സംവിധായകന്‍

നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അസോസിയേഷന്റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച, അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനുരാജ് .

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്. എന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Film

‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക്

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

Published

on

തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.

 

 

Continue Reading

Trending